സാവോപോള: ഫുട്ബോള്‍ മൈതാനത്ത് രണ്ടാം അങ്കത്തിനൊരുങ്ങി ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. ഇംഗ്ലണ്ടിലേയോ സ്‌പെയിനിലേയോ രണ്ടാം ഡിവിഷന്‍ ഫുട്ബോള്‍ ടീമിനെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിഹാസ താരം. മൂന്ന് തവണ ലോകഫുട്ബോളര്‍ പുരസ്കാരവും രണ്ട് തവണ ബാലന്‍ ഡി ഓറും നേടിയതാരമാണ് റയല്‍ മാഡ്രിഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോ. 

2011ല്‍ സജീവ ഫുട്ബോളില്‍ നിന്ന് മുന്‍ ലോക ഫുട്ബോളര്‍ വിരമിച്ചിരുന്നു. ബ്രസീലിനായി 98 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ താരം 62 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ് തലത്തില്‍ 343 മത്സരങ്ങള്‍ കളിച്ച താരം ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, എസി മിലാന്‍, കൊറിന്ത്യന്‍സ് ക്ലബുകള്‍ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഡ്രിബ്ലിംഗിലെയും ഫിനിഷിംഗിലെയും പാടവം കൊണ്ട് മൈതാനത്തെ പ്രതിഭാസം എന്നാണ് റൊണാള്‍ഡോ അറിയപ്പെടുന്നത്.