കോഴിക്കോട്: ലോകത്തെ മികച്ച ക്രിക്കറ്റ് താരമെന്നതുപോലെ വലിയ മനസിന്റെ ഉടമ കൂടിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന് ഓസ്‍ട്രേലിയന്‍ മുന്‍ താരം ബ്രറ്റ് ലീ അഭിപ്രായപ്പെട്ടു.സച്ചിന്‍ ക്രിക്കറ്റ് ലോകത്തിന് മാത്രമല്ല ഏവര്‍ക്കും മാതൃകയാണെന്നും ബ്രറ്റ് ലീ പറഞ്ഞു. നവജാത ശിശുക്കളിലെ കേള്‍വി പരിശോധനയുടെ ബോധവത്കരണ ത്തിനായി കോഴിക്കോട് എത്തിയതായിരുന്നു ബ്രറ്റ് ലീ.

അപകടത്തിലൂടെ മകന് കേള്‍വി കുറവിന് ചികിത്സ തേടേണ്ടിവന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് ബോധവത്കരണം ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് ബ്രറ്റ് ലീ പറഞ്ഞു. ഇന്ത്യയില്‍ ശ്രവണ ചികിത്സയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് കേരളമാണ്. അന്താരാഷ്‌ട്ര നിലവാരത്തോട് കിടപിടിക്കുന്നതാണ് ഇവിടുത്തെ ചികിത്സയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശ്രവണ ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച ബ്രറ്റ് ലീ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായും വിദ്യാര്‍ത്ഥികളുമായും ബ്രെറ്റ് ലീ ആശയ വിനിമയം നടത്തി. നര്‍മ്മ സംഭാഷങ്ങളിലൂടെ അദ്ദേഹം സദസിനെ കൈയ്യിലെടുത്തു. മൈതാനത്ത് മാത്രമാണ് താന്‍ അക്രമകാരി. അല്ലാത്തപ്പോള്‍ പുറത്ത് പാട്ടും ഡാന്‍സുമെല്ലാം ഇഷ്‌ടപെടുന്ന സാധാരണക്കാരന്‍. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റവും ഇഷ്‌ടപെടുന്ന ശബ്ദം എതിര്‍ ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിക്കുന്നതാണ്. അരോചകം അമ്പയര്‍ നോബോള്‍ വിളിക്കുന്നതാണെന്നും ബ്രെറ്റ് ലീ മനസു തുറന്നു.

കേള്‍വിക്കുറവുള്ള കുട്ടികളുടെ കേള്‍വിശേഷി കിട്ടിയാല്‍ അവര്‍ ഏത് സംഗീതമാണ് ആദ്യം കേള്‍ക്കേണ്ടത് എന്ന ചോദ്യത്തിന് മുക്കാബ് ല എന്ന ബ്രെറ്റ് ലീയുടെ മറുപടി സദസിനെ കൂട്ടച്ചിരിയിലാഴ്ത്തി.