ഉടന്‍ വിരമിച്ചേക്കുമെന്ന സൂചന നല്‍കി ന്യൂസീലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ജയ്‌പൂരില്‍ നടന്ന ഐപിഎല്‍ താരലേലത്തിന് ശേഷമാണ് മക്കല്ലം വിരമിക്കല്‍ സൂചന നല്‍കിയത്.

സിഡ്‌നി: ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന സൂചന നല്‍കി ന്യൂസീലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ജയ്‌പൂരില്‍ നടന്ന ഐപിഎല്‍ താരലേലത്തിന് ശേഷമാണ് 37കാരനായ താരം വിരമിക്കല്‍ സൂചന നല്‍കിയത്. ലേലത്തില്‍ മക്കല്ലത്തെ സ്വന്തമാക്കാന്‍ ടീമുകളുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ കളിച്ചിരുന്നു. 

'ചിലപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങള്‍, ഐപിഎല്ലിലെ 11 സീസണുകളിലും കളിക്കാനായത് ഭാഗ്യമാണ്. എന്നാല്‍ കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ചിലപ്പോഴുണ്ടാകും. എല്ലാത്തിനും അവസാനമുണ്ട്. താരലേലത്തില്‍ കിവി താരങ്ങളെ ടീമുകള്‍ സ്വന്തമാക്കിയത് അഭിമാനത്തോടെ കാണുന്നു. ചിലപ്പോള്‍ ഇതൊക്കെയാണ് കരിയറില്‍ സംഭവിക്കുകയെന്നും റേഡിയോ സ്‌പോര്‍ട്ടിനോട് കിവീസ് മുന്‍ നായകന്‍ പറഞ്ഞു. 

മക്കല്ലം 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ ദേശീയ കുപ്പായമഴിച്ചശേഷം വിവിധ ടി20 ലീഗുകളില്‍ സജീവമായിരുന്നു. ഐപിഎല്ലില്‍ 109 മത്സരങ്ങളില്‍ നിന്ന് 2,881 റണ്‍സ് നേടിയിട്ടുണ്ട്.