ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ ഒമ്പത് വിക്കറ്റ് പ്രകടനത്തോടെ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ട് ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഏഴാമതെത്തിയപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റുകളില്‍ പരിക്കുമൂലം കളിക്കാതിരുന്ന ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതായി
ദുബായ്: ഐസിസി ടെസറ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ ജസ്പ്രീത് ബൂംമ്രയും ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സും. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീതം വീഴ്ത്തിയ കമിന്‍സും ബൂംമ്രയും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. കമിന്‍സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബൂമ്ര പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ ഒമ്പത് വിക്കറ്റ് പ്രകടനത്തോടെ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ട് ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഏഴാമതെത്തിയപ്പോള്‍ രണ്ടു മൂന്നും ടെസ്റ്റുകളില്‍ പരിക്കുമൂലം കളിക്കാതിരുന്ന ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി എട്ടാമതായി. രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്.
ബാറ്റിംഗ് റാങ്കിംഗില്‍ കാര്യമായ മാറ്റങ്ങളില്ല. 931 റേറ്റിംഗ് പോയന്റുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതുവര്‍ഷത്തിലും ഒന്നാം സ്ഥാനത്ത് തുടരും. 897 റേറ്റിംഗ് പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ രണ്ടാം സ്ഥാനത്തും 883 റേറ്റിംഗ് പോയന്റുമായി സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും തുടരുന്നു. പൂജാരയാണ് നാലാമത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ നാലു സ്ഥാനങ്ങള്‍ താഴേക്കിറങ്ങി പത്തൊമ്പതാം സ്ഥാനത്തായി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ മൂന്നാം സ്ഥാനത്തുണ്ട്.
