അപൂര്‍വമായി മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാലും പല മത്സരങ്ങളിലും അവന് ബാറ്റിംഗിനോ ബൗളിംഗിനോ അവസരം ലഭിക്കാറില്ല.
ദില്ലി: ഓള്‍ റൗണ്ടർ നിതീഷ് കുമാര്‍ റെഡ്ഡിയെ പലപ്പോഴും ഇന്ത്യൻ ടീമിലെടുക്കുമെങ്കിലും പ്ലേയിംഗ് ഇലവനില്‍ അപൂര്‍വമായി മാത്രമാണ് അവസരം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി മുന്‍കാരം ആകാശ് ചോപ്ര. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലെല്ലാം പലപ്പോഴും നിതീഷിനെ ടീമിലെടുക്കുമെങ്കിലും അപൂര്‍വമായി മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാറുള്ളു. അവനെ ടീമിലെടുത്തത് വെച്ചുനോക്കിയാല്‍ ഇന്ത്യക്കായി 60-70 മത്സരങ്ങളിലെങ്കിലും ഇപ്പോള്‍ അവന്‍ കളിച്ചിട്ടുണ്ടാകണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
അപൂര്‍വമായി മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാലും പല മത്സരങ്ങളിലും അവന് ബാറ്റിംഗിനോ ബൗളിംഗിനോ അവസരം ലഭിക്കാറില്ല.അഹമ്മദാബാദ് ടെസ്റ്റില്‍ അവന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ബൗളിംഗിനാകട്ടെ അഞ്ചോ ആറോ ഓവര്‍ മാത്രമാണ് നല്‍കിയത്. ഡല്‍ഹി ടെസ്റ്റില്‍ ബാറ്റിംഗില്‍ സ്ഥാനക്കയറ്റം നല്‍കിയെങ്കിലും ഇന്ത്യ 200 ഓവര്‍ എറിഞ്ഞ മത്സരത്തില്‍ ഒരോവര്‍ പോലും അവന്‍ പന്തെറിഞ്ഞില്ല.
22കാരനായ ഓൾ റൗണ്ടറെ ടീമിലെടുത്താലും ഇന്ത്യക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനിലില്ലാത്ത മത്സരങ്ങളില്‍ പോലും അവന് അവസരം നല്‍കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാവുന്നില്ല. അവനെ നമ്മള്‍ ഓസ്ട്രേലിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമെല്ലാം ടീമിനൊപ്പം കൊണ്ടുപോകും. എന്നിട്ട് ഒരു മത്സരത്തിലും അവസരം നല്‍കില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോൾ അവന്‍റെ ആവശ്യമില്ലെന്ന് മനസിലാക്കാം. എന്നാല്‍ ഹാര്‍ദ്ദിക് ഇല്ലാത്ത മത്സരങ്ങളിലും അവനെ കളിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നാണ് മനസിലാവാത്തത്. ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവനെ ഓള്‍ റൗണ്ടറായി വാര്‍ത്തെടുക്കാനാകുക.
അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഹാര്‍ദ്ദിക് ഇല്ലെങ്കില്‍ പകരം അവനെ എങ്ങനെയാണ് പരിഗണിക്കാനാവുക. ഏകദിനങ്ങളില്‍ അവനെ പരീക്ഷിക്കാനുള്ള അവസരമാണിത്. എന്നാല്‍ അവനെ ഡഗ് ഔട്ടിലിരുത്തിയാണ് ഇന്ത്യ പരീക്ഷിക്കുന്നത് എന്ന് മാത്രം. അവന്‍ ടീമിലെ അവിഭാജ്യ ഘടകമാണ്. പക്ഷെ കളിപ്പിക്കില്ലെന്ന് മാത്രം-ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യക്കായി ഇതുവരെ 10 ടെസ്റ്റില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഒരു സെഞ്ചുറി ഉള്‍പ്പെടെ 396 റണ്‍സും എട്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ട് ഏകദിനങ്ങളില്‍ കളിച്ച നിതീഷിന് 27 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല.


