ഹാമില്‍ട്ടണ്‍: ക്രിക്കറ്റില്‍ ലോകത്തിലെ ഏത് നായകനും ടീമിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന കളിക്കാരനാണ് ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്. പരിക്കുമൂലം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷം വിട്ടുനിന്നശേഷവും ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലൂടെ മടങ്ങിയെത്തിയ ഡിവില്ലിയേഴ്സ് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീമിനായി നിര്‍ണായക സംഭാവനയാണ് നല്‍കുന്നത്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന താരമാരാണെന്ന ചോദ്യത്തിന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്ക കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയയോ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗോ ഒന്നുമല്ല ഡിവില്ലിയേഴ്സ് മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന ക്യാപ്റ്റന്‍. അത് മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രെണ്ടന്‍ മക്കല്ലമാണ്.
അടുത്ത 10 ഓവറില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുവരെ വ്യക്തമായ ധാരണയുള്ള ക്യാപ്റ്റനായിരുന്നു മക്കല്ലമെന്നും ഒരു ക്യാപ്റ്റനുവേണ്ട ഏറ്റവും വലിയ കഴിവും അതാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെന്ന നിലയില്‍ മക്കല്ലത്തെ മാതൃകയാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
