ബാഴ്‌സലോണ: സ്വന്തം തട്ടകമായ ന്യൂ കാംപില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വിഗോയാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. ബാഴ്‌സയ്ക്കുവേണ്ടി സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഇയാഗോ അസ്പാസ്, മാക്‌സ്മിലിയാനോ ഗോമസ് എന്നിവരിലൂടെയായിരുന്നു സെല്‍റ്റയുടെ മറുപടി. മല്‍സരത്തിന്റെ ഗതിക്ക് വിപരീതമായി അസ്പാസിന്റെ ഗോളില്‍ മുന്നിലെത്തി സെല്‍റ്റ, കാണികളെ ഞെട്ടിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. 11 എന്ന സ്‌കോറിന് ഇരു ടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞു. അറുപത്തിരണ്ടാം മിനിട്ടില്‍ സുവാരസിലൂടെ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ ആരാധകരുടെ ആഘോഷതിമിര്‍പ്പിന് അധികം ആയുസുണ്ടായിരുന്നില്ല. ഉറുഗ്വായ് താരം മാക്‌സിമിലിയാനോ ഗോമസിലൂടെ സെല്‍റ്റ സമനില പിടിക്കുകയായിരുന്നു. മല്‍സരത്തില്‍ പരുക്കന്‍ അടവുകളിലൂടെയാണ് സെല്‍റ്റ, ബാഴ്‌സയെ തളച്ചത്. അവരുടെ ആറു താരങ്ങളാണ് മഞ്ഞ കാര്‍ഡ് കണ്ടത്. ലൂയിസ് സുവാരസ് ഉള്‍പ്പടെ മൂന്നു ബാഴ്‌സ താരങ്ങളും മഞ്ഞ കാര്‍ഡ് കണ്ടു. സെല്‍റ്റ വിഗോയോട് സമനില വഴങ്ങിയെങ്കിലും 14 കളികളില്‍നിന്ന് 36 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാമത്. രണ്ടാമതുള്ള വലന്‍സിയയ്ക്ക് 31 പോയിന്റാണുള്ളത്. 18 പോയിന്റുള്ള സെല്‍റ്റ വിഗോ എട്ടാം സ്ഥാനത്താണ്.