Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് യുദ്ധമല്ല; പാക് താരത്തിന്‍റെ ഷൂ കെട്ടിക്കൊടുത്ത ചാഹലിന് കയ്യടി

വീറും വാശിയും ആവോളമുള്ള മത്സരത്തിലും എതിര്‍ ടീം താരത്തെ സഹായിക്കാന്‍ ഇന്ത്യന്‍ താരം ചാഹല്‍ കാണിച്ച മനസിനെയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കയ്യടി കൊണ്ട് പൊതിയുന്നത്

chachal Tied the Shoe Lace of a Pakistani Player
Author
Dubai - United Arab Emirates, First Published Sep 20, 2018, 1:35 PM IST

ദുബായ്: ലോകം കാത്തിരുന്ന പോരാട്ടമാണ് ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാ കപ്പില്‍ അരങ്ങേറിയത്. കളിക്കളം ചൂട് പിടിക്കുന്ന ഇന്ത്യ-പാക് പോരില്‍ രോഹിത് ശര്‍മയും സംഘവും മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. ഹോംങ്കോഗിനെതിരെ അല്‍പം വിയര്‍ത്ത ഇന്ത്യ ഇന്നലെ എട്ട് വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍റെ പോരാട്ടം 162 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 29 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍  ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തെ എളുപ്പമാക്കിയത്.

നേരത്തെ, മൂന്ന് വിക്കറ്റ് വീതമെടുത്ത കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. എന്നും ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് രാജ്യങ്ങളും വിഭജനത്തിന് ശേഷവും തുടരുന്ന പ്രശ്നങ്ങള്‍ മൂലം പരസ്പരം തോറ്റ് കൊടുക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒന്ന് മടിക്കും.

എന്നാല്‍, വീറും വാശിയും ആവോളമുള്ള മത്സരത്തിലും എതിര്‍ ടീം താരത്തെ സഹായിക്കാന്‍ ഇന്ത്യന്‍ താരം ചാഹല്‍ കാണിച്ച മനസിനെയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ കയ്യടി കൊണ്ട് പൊതിയുന്നത്. ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരത്തിന്‍റെ 42-ാം ഓവറിലാണ് സംഭവം.

ഓവറിനിടെ പാക് താരം ഉസ്മാന്‍ ഖാന് വിക്കറ്റിനിടയില്‍ ഓടുന്നതിന് ഷൂവിന്‍റെ മുറുക്കമില്ലായ്മ തടസമായി. ഇതോടെ ചാഹല്‍ മുട്ടുകുത്തി ഉസ്മാന്‍റെ ഷൂവിന്‍റെ ചരട് മുറക്കി നല്‍കുകയായിരുന്നു. പരസ്പരം ആക്രമണ സ്വഭാവത്തോടെ കളത്തില്‍ പോരാടുമ്പോഴും എതിര്‍ താരത്തിനോട് മാന്യത പുലര്‍ത്തുന്ന ചാഹലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തുന്നത്.

നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ഗൗതത്തിന് ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലെത്താന്‍ സാമ്പത്തിക സഹായവുമായി എത്തിയത് പാക്കിസ്ഥാന്റെ കടുത്ത ആരാധകനും ഷിക്കാഗോ ചാച്ചയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബഷീറായിരുന്നു. 

 

Follow Us:
Download App:
  • android
  • ios