ഓ‍‌ർമ്മയില്ലേ സിംബാബ്‌വെ താരം ഡഗ്ലസ് മരില്ലിയറെ? ക്രിക്കറ്റിൽ പുതിയ ഷോട്ട് അവതരിപ്പിച്ചാണ് മരില്ലിയർ കൈയടി നേടിയത്. അതിനുശേഷം റിവേഴ്‌സ് സ്വീപ്പുമായി കെവിൻ പീറ്റേഴ്‌സണും എബി ഡിവില്ലിയേഴ്സുമൊക്കെ ക്രിക്കറ്റ് പ്രേമികളുടെ മനംകവർന്നു. എന്തിനേറെ പറയുന്നു, ലങ്കൻ താരം തിലകരത്നെ ദിൽഷന്റെ സ്‌കൂപ്പ് ഷോട്ട് പോലും മനോഹരമായിരുന്നു. എന്നാലിപ്പോൾ ദിൽഷന്റെ നാട്ടുകാരനായ ചമര സിൽവ ക്രിക്കറ്റിൽ പുതിയൊരു ഷോട്ട് പുറത്തെടുക്കാൻ ശ്രമിച്ച് നാണംകെട്ടിരിക്കുകയാണ്. ബൗളർ പന്തെറിയാനായി ഓടിവരുമ്പോൾ വിക്കറ്റിന് പിന്നിലേക്ക്, അതായത്, വിക്കറ്റ് കീപ്പറുടെ മുന്നിലേക്ക് വന്നു പന്തടിച്ചകറ്റാനായിരുന്നു സിൽവയുടെ ശ്രമം. എന്നാൽ ക്ലീൻ ബൗൾഡാക്കിയാണ് പുതിയ പരീക്ഷണത്തിന് ബൗളർ ചമര സിൽവയ്‌ക്ക് നൽകിയ മറുപടി. കൊളംബോയിൽ മർക്കന്റയിൽ പ്രീമിയർ ലീഗിൽ എംഎഎസ് യൂനിച്ചെല്ലയും ടിജെ ലങ്കയും തമ്മിലുള്ള മൽസരത്തിലായിരുന്നു ചമര സിൽവ നാണംകെട്ടത്.

Scroll to load tweet…

ദിൽഷന്റേത് പോലെ സ്കൂപ്പ് ഷോട്ട് കളിക്കാനായിരുന്നോ സിൽവ ശ്രമിച്ചതെന്ന് ചോദ്യം ആരെങ്കിലും ഉന്നയിച്ചാൽ അത് ദിൽഷൻ കേൾക്കണ്ട എന്നേ പറയാനുള്ളു. കൈയകലത്ത് കിട്ടിയാൽ ദിൽഷൻ ബാറ്റെടുത്ത് ചമര സിൽവയെ തല്ലുമെന്നാണ് അദ്ദേഹത്തിന്റെ അടുപ്പക്കാർ കരുതുന്നത്. ഏതായാലും ലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ നടന്ന ചമര സിൽവയുടെ നാണംകെട്ട പരീക്ഷണ വീഡിയോ പുറത്തായതോടെ താരത്തെ ട്രോളുകയാണ് സോഷ്യൽ മീഡിയ. വാതുവെപ്പിനെ തുട‍ർന്ന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് രണ്ടുവർഷത്തെ വിലക്ക് നേരിടുന്ന ചമര സിൽവയ്‌ക്ക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ അടുത്തിടെയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നഷകിയത്.

അതേസമയം ചമര സിൽവ ശ്രമിച്ച് പരാജയപ്പെട്ട ഷോട്ട് മനോഹരമായി സിക്‌സർ പായിച്ച് ഒരു പാക് യുവാവ് താരമാകുകയും ചെയ്തു. ചമര സിൽവ ചെയ്തതുപോലെ ബൗളർ റണ്ണപ്പ് തുടങ്ങിയപ്പോൾ തന്നെ വിക്കറ്റിന് പിന്നിലേക്ക് മാറിയ പാക് ബാറ്റ്‌സ്‌മാൻ പന്ത് കൃത്യമായി ബൗണ്ടറിക്ക് വെളിയിലേക്ക് അടിച്ചുപറത്തുകയായിരുന്നു.

Scroll to load tweet…