യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പതിനൊന്നാം കിരീടം ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡ്. സ്പാനിഷ് ലീഗില്‍ കിരീടം കൈവിട്ട റയലിന് എ സി മിലാന്റെ തട്ടകമായ സാന്‍സിറോയില്‍ ജയിച്ചേ തീരൂ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരുക്കുമാറിയെത്തിയത് കോച്ച് സിനദിന്‍ സിദാന് നല്‍കുന്ന ആശ്വാസം ചെറുതല്ല. 

റയല്‍ ജയിച്ചാല്‍ കളിക്കാരന്‍, കോച്ച് എന്നീ നിലകളില്‍ ചാന്പ്യന്‍സ് ലീഗ് നേടുന്ന ഏഴാമനാവും സിദാന്‍. അവസാന പത്ത് കളികളില്‍ തോല്‍വിയറിഞ്ഞിട്ടില്ല എന്നതും റയലിന് ആത്മവിശ്വാസമേകുന്നു. സിദാന്‍റെ തന്ത്രങ്ങള്‍ക്ക് ഡീഗോ സിമിയോണിയിലൂടെയാണ് നഗരവൈരികളായ അത്ലറ്റിക്കോ മറുപടി നല്‍കുക. 2014ലെ കലാശപ്പോരാട്ടത്തില്‍ റയലിനോടേറ്റ തോല്‍വിക്ക് പകരംവീട്ടാന്‍കൂടിയാണ് അത്ലറ്റിക്കോ ഇറങ്ങുന്നത്. 

ടോറസിന്‍റെയും ഗ്രീസ്മാന്‍റയും ഉന്നംപിഴയ്ക്കാത്ത ബൂട്ടുകളിലാണ് സിമിയോണിയുടെ പ്രതീക്ഷ. ചാമ്പ്യന്‍സ് ലീഗില്‍ ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് നാല് തവണ. മൂന്നിലും ജയം റയലിനൊപ്പം. ഇന്ന് ആര് ജയിച്ചാലും ഒരുകാര്യം ഉറപ്പ്, യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ കിരീടം സ്‌പെയ്‌നിലെ മാഡ്രിഡിന് സ്വന്തം.