കലാശപ്പോരില്‍ റയൽ മാഡ്രിഡ് ഇന്ന് ലിവർപൂളിനെ നേരിടും
കീവ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാരെ ഇന്നറിയാം. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് ലിവർപൂളിനെ നേരിടും. ഇന്ത്യൻസമയം രാത്രി 12.15നാണ് കളി തുടങ്ങുക. ഉക്രൈൻ തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് തൊട്ടുമുമ്പുള്ള വമ്പൻപോരാട്ടം. താരസമ്പന്നമായ റയൽ മാഡ്രിഡും ലിവർപൂളും കലാശപ്പോരാട്ടത്തിന് സർവ്വസജ്ജമായിക്കഴിഞ്ഞു.
ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിട്ടാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. അതേസമയം ആറാം കിരീട്ടത്തിനായാണ് ലിവർപൂൾ ബൂട്ടുകെട്ടുന്നത്. സെമിയിൽ റയൽ, ബയേൺ മ്യൂണിക്കിനെയും ലിവർപൂൾ, എ എസ് റോമയെയും വീഴ്ത്തി. 4...3...3 ശൈലിയിൽ ഇരുടീമും അണിനിരക്കുമ്പോൾ റൊണാൾഡോ, ബെൻസേമ, ബെയ്ൽ ത്രയം റയലിനായും സലാ, ഫിർമിനോ, മാനേ ത്രയം ലിവർപൂളിനായും ഗോൾവേട്ടയ്ക്കിറങ്ങും.
മധ്യനിരയിൽ മേധാവിത്വം റയലിനുണ്ട്. കാസിമിറോ, മോഡ്രിച്ച്, ക്രൂസ് മൂവർ സംഘത്തിന് ലിവർപൂൾ പകരംവയ്ക്കുക ഹെൻഡേഴ്സൺ, മിൽനർ, വിനാൾഡം എന്നിവരെയാണ്. നായകന് റാമോസും മാർസലോയും റയലിൽ പിൻനിരക്കാരെങ്കിലും ഗോളടിക്കാനും ഗോളടിപ്പിക്കാനും മത്സരിക്കുന്നവർ. വരാനെയും കാർവഹാലും കൂടിചേരുമ്പോൾ റയൽകോട്ട കടക്കാൻ സലായ്ക്കും സംഘത്തിനും പുതുവഴികൾ തുറക്കേണ്ടിവരും.
എന്നാല് കണക്കുകളിൽ നേരിയ മുൻതൂക്കം ലിവർപൂളിനുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇരുടീമും നേർക്കുനേർവരുന്നത് ആറാം തവണ. മൂന്നിൽ ലിവർപൂളും രണ്ടിൽ റയലും ജയിച്ചു.
