മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് സെമിയില്‍. റൊണാള്‍ഡോയുടെ ഹാട്രികിന്റെ മികവില്‍ രണ്ടാംപാദ ക്വാര്‍ട്ടറില്‍ വൂള്‍വ്സ്ബര്‍ഗിനെ റയല്‍ 3-0 ന് തകര്‍ത്തു. ഇരുപാദങ്ങളിലുമായി 3-2 ജയത്തോടെയാണ് റയല്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. പിഎസ്ജിയെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയിലെത്തി.

ആദ്യ പാദ്യത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ റയലിന് സ്വന്തം മൈതാനത്ത് മികച്ച ജയം അനിവാര്യമായിരുന്നു. കളിയുടെ പതിറാം മിനിട്ടിലാണ് റൊണാള്‍ഡോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു മിനിട്ടിമകം രണ്ടാം ഗോളും നേടി ആദ്യപാദത്തിലെ റയലിന്റെ കടം റൊണാള്‍ഡോ ഒറ്റയ്ക്കു വീട്ടി. എന്നാല്‍ പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന വൂള്‍വ്സ്ബര്‍ഗ് ആക്രമിക്കാനാല്ല പ്രതിരോധിച്ച് പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ 76ാം മിനിട്ടില്‍ റൊണാള്‍ഡോയെടുത്ത ഫ്രീകിക്ക് അവരുടെ സെമി പ്രതീക്ഷകള്‍ തകര്‍ത്ത് വലയിലേക്ക് കയറി. കളി തുടങ്ങി അരമണിക്കൂറിനുള്ളില്‍ പ്ലേ മേക്കര്‍ ജൂലിയന്‍ ഡ‍്രാക്‌സ്‌ലര്‍ പരിക്കേറ്റ് മടങ്ങിയത് വൂള്‍വ്സ്ബര്‍ഗിന്റെ നീക്കങ്ങളെ ബാധിച്ചു. പലപ്പോഴും വൂള്‍വ്സ്ബര്‍ഗിന്റെ പ്രതിരോധ പിഴവുകൊണ്ട് റയല്‍ ഗോളനടുത്തെത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് വിനയായി.

ആദ്യപാദത്തില്‍ തോറ്റിരുന്നെങ്കിലും നേടിയ രണ്ട് എവേ ഗോളുകളാണ് പിഎസ്‌ജിയെ ഏക ഗോളിന് കീഴടക്കി സെമിയിലെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുണയായത്. രണ്ടാം പകുതിയില്‍ കെവിന്‍ ഡി ഒബ്രിയന്‍ ആണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ആദ്യപാദത്തില്‍ രണ്ട് ഗോള്‍ വീതമടിച്ച് ഇരുടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. ബാറിനു കീഴില്‍ ജോ ഹാര്‍ട്ട് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് സിറ്റിയ്ക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമയത്. പിഎസ്ജി താരം സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഹാര്‍ട്ട് തട്ടിയകറ്റിയത് അവിശ്വസനീയതയോടെയാണ് ആരാധകര്‍ കണ്ടുനിന്നത്.