ഇന്ത്യൻ താരം ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുൻ ഓസീസ് നായകൻ ഇയാൻ ചാപ്പൽ. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഹര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതിനെയാണ് ചാപ്പൽ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. പാണ്ഡ്യയുടെ പ്രവര്‍ത്തി തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയതായി ചാപ്പൽ പറയുന്നു. ക്രിക്കറ്റിലെ അടിസ്ഥാന തത്വങ്ങള്‍ പുലര്‍ത്തുകയാണ് ഏതൊരു താരവും ചെയ്യേണ്ട പ്രധാന കാര്യം. അത് ടെസ്റ്റിലായാലും ഏകദിനത്തിലായാലും, ട്വന്റി20യിൽ ആയാലും. ഒരു പരിശീലകൻ കളിക്കാര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതും ഇതാണ്. വിക്കറ്റുകള്‍ക്ക് ഇടയിലൂടെ ഓടേണ്ടത് എങ്ങനെയെന്ന അടിസ്ഥാന തത്വം ഏതൊരു ക്രിക്കറ്ററും പാലിക്കേണ്ടതാണ്. എന്നാൽ വിക്കറ്റ് വലിച്ചെറിഞ്ഞ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ഇത് ഇന്ത്യൻ ടീമിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ചാപ്പൽ ചൂണ്ടിക്കാട്ടി.