ചെന്നൈ: പ്രോ വോളിബോൾ കിരീടനേട്ടത്തോടെ ചെന്നൈ മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കി. ഇന്ത്യയിലെ പ്രമുഖ കായിക ലീഗുകളിലെല്ലാം ചാമ്പ്യൻമാർ ഇപ്പോൾ ചെന്നൈയിൽ നിന്നുള്ള ടീമുകളാണ്. ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സും ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിയുമാണ് നിലവിലെ ചാമ്പ്യൻമാ‍ർ. 

ഇതിന് പിന്നാലെയാണ് പ്രഥമ പ്രോ വോളിബോൾ ലീഗിലും ചെന്നൈയിൽ നിന്നുള്ള സ്‌പാർട്ടൻസ് കിരീടം നേടിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. നിലവിൽ ഐ ലീഗിലും മുന്നിലുള്ളത് ചെന്നൈ സിറ്റിയാണ്. 

പ്രഥമ പ്രോ വോളിബോൾ ലീഗില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുളള സെറ്റുകൾക്ക് തകർത്താണ് ചെന്നൈ കിരീടം നേടിയത്. സ്കോർ 15-11, 15-12, 16-14. വിദേശ താരങ്ങളായ റൂഡി വെർഹോഫ്, റസ്‍ലാൻ സോറോകിൻസ് എന്നിവര്‍ക്കൊപ്പം മലയാളി താരങ്ങളായ കപിൽദേവ്, അഖിൻ ജാസ്, വിബിൻ എം ജോർജ് എന്നിവരുടെ മികവും ചെന്നൈയുടെ കിരീടനേട്ടത്തിൽ നിർണായകമായി.