കണ്ണൂര്‍: നേരെ നില്‍ക്കാന്‍ പോലുമാകാത്ത വിധം ചെളിയില്‍ പുതഞ്ഞ വയലില്‍ ഒരു ഫുട്ബോള്‍ മത്സരം. കണ്ണൂര്‍ ഊര്‍പ്പള്ളിയിലെ മഴയുത്സവത്തിന്റെ ഭാഗമായാണ് ഫുട്ബോള്‍ താരം സി.കെ വിനീത് അടക്കം പങ്കെടുത്തുള്ള ചെളി ഫുട്ബോള്‍ സംഘടിപ്പിച്ചത്. സ്വന്തം ടീം അടിച്ച ആറ് ഗോളുകളില്‍ നാലും സ്വന്തം പേരില്‍ ചേര്‍ത്താണ് വിനീത് കളി ഗംഭീരമാക്കിയത്.
വരമ്പത്ത് ആകാംക്ഷഭരിതരായ ജനക്കൂട്ടം. വയലിലെ ചളിയില്‍ സി.കെ വിനീതും, വോളിബോള്‍ താരം കിഷോര്‍കുമാറുമടക്കം വമ്പന്‍മാര്‍. എം.പിയെത്തി വയലിലിറങ്ങി കളിക്കാരെ പരിചയപ്പെട്ടതോടെ തുടക്കം. ഇടക്കിടെയെത്തിയ വിനീതിന്റെ സിസര്‍കട്ടുകളോടെ ആവേശമായി. ചേറില്‍ക്കുത്തി മറിഞ്ഞ നീക്കങ്ങള്‍ക്കൊപ്പം ഗോള്‍മഴയും.
ആറില്‍ നാലും ഒറ്റക്കടിച്ച് ഉദ്ഘാടന മത്സരം ഗംഭീരമാക്കി വിനീത്. ഓണത്തല്ലടക്കം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഴയുത്സവം മണ്ണിനോടും ചേറിനോടുമുള്ള അടുപ്പം ഊട്ടിയുറപ്പിക്കാനാണ്.
മത്സരശേഷം കളിക്കാരെ കണ്ടെത്താന്‍ തൊട്ടടുത്ത തോട് വരെ പോകേണ്ടി വന്നു. ചെളിയിലെ ഫുട്ബോളിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊക്കെയെന്ത് എന്ന് വിനീതിന്റെ മറുചോദ്യം. ചെറുപ്പം മുതല്‍ പന്ത്തട്ടിവളര്‍ന്ന വയലുകളില്‍ വീണ്ടുമെത്തിയതിന്റെ ഓര്‍മ്മകളും, ഒപ്പം കണ്ണഊരില്‍ ഇത്തരം കൂട്ടായ്മകള്‍ വളരുന്നതിന്റെ സന്തോഷവും പറഞ്ഞ് തിരികെ വീണ്ടും വെള്ളത്തിലേക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൂടി ചേര്‍ന്നാണ് മഴയുത്സവം സംഘടിപ്പിക്കുന്നത്.
