ദില്ലി: കൊവിഡ് 19നെ തുടർന്ന് രാജ്യം കടുത്ത ജാഗ്രതയിലും നിയന്ത്രണങ്ങളിലും നില്‍ക്കേ ക്വാറന്‍റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ബോക്സിംഗ് ഇതിഹാസവും രാജ്യസഭാ എംപിയുമായ മേരി കോം. ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത് ജോർദാനിലെ അമ്മാനില്‍ നിന്ന് മേരി കോം മാർച്ച് 13നാണ് തിരിച്ചെത്തിയത്. എന്നാല്‍ 18ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് സംഘടിപ്പിച്ച വിരുന്നില്‍ മേരി കോം പങ്കെടുക്കുകയായിരുന്നു.

രാഷ്‍ട്രപതി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ മേരി കോമിനെയും കാണാം. ഉത്തർപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എംപിമാർക്കായിരുന്നു വിരുന്ന് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. 

ജോർദാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഹോം ക്വാറന്‍റൈനില്‍ തന്നെയായിരുന്നുവെന്നും രാഷ്‍ട്രപതിയുടെ ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തത് എന്നുമാണ് മേരി കോമിന്‍റെ വിശദീകരണം. ബിജെപി എംപി ദുഷ്യന്തിനെ കാണുകയോ ഹസ്തദാനം നടത്തുകയോ ചെയ്തിട്ടില്ല എന്നും അവർ കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്ത്യയില്‍ മടങ്ങിയെത്തിയ താരങ്ങളെല്ലാം ക്വാറന്‍റൈനില്‍ ആണെന്ന് ഇന്ത്യന്‍ പരിശീലകന്‍ സാന്‍റിയാഗോ നിയെവ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക