സൂറിച്ച്: കൊവിഡ് 19ൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം സ്വിസ് ഫ്രാങ്ക്(7.70 കോടി ഇന്ത്യന്‍ രൂപ) സംഭാവന ചെയ്ത് ടെന്നീസ് താരം റോജര്‍ ഫെഡററും ഭാര്യ മിര്‍കയും. ഈ പ്രതിസന്ധിഘട്ടത്തില്‍ ആരും പട്ടിണിയില്‍ ആയിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പണം സംഭാവന ചെയ്യുന്നതെന്നും ഇരുവരും വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു. 

pic.twitter.com/l0bnPPKEQe

— Roger Federer (@rogerfederer) March 25, 2020

ഭാര്യയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് ഫെഡറര്‍ സഹായഹസ്തവുമായെത്തിയത്. ഫെബ്രുവരിയില്‍ കാല്‍മുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ വീട്ടില്‍ വിശ്രമത്തിലാണ്.

മെസി, ക്രിസ്റ്റ്യാനോ; മനംനിറച്ച് സൂപ്പർ സ്റ്റാറുകള്‍

കൊവിഡ് 19നെ നേരിടാന്‍ തീവ്ര ശ്രമങ്ങളിലാണ് കായിക ലോകം. ബാഴ്‍സലോണയുടെ അർജന്‍റീനന്‍ സൂപ്പർ താരം ലിയോണൽ മെസി സ്‌പെയ്‌നിലെ കോവിഡ്‌ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിക്കായി 10 ലക്ഷം യൂറോ നല്‍കി. ബാഴ്‌സ മുന്‍ പരിശീലകന്‍ പെപ്പ്‌ ഗാര്‍ഡിയോളയും സ്‌പെയ്‌നിന്‌ ധനസഹായവുമായി എത്തി. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 10 ലക്ഷം യൂറോയാണ്‌ ഗാര്‍ഡിയോള നല്‍കിയത്‌.

പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ മൂന്ന്‌ ഐസിയുകള്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം യൂറോ വീതമാണ്‌ യുവന്‍റസിന്‍റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ ഏജന്റും നല്‍കിയത്‌. 10 പേരെ കിടത്താന്‍ സാധിക്കുന്ന ഐസിയുകളാണ്‌ നോര്‍ത്തേന്‍ ലിസ്‌ബണിലേയും പോര്‍ട്ടോയിലേയും ആശുപത്രികളില്‍ ക്രിസ്റ്റ്യാനോ ഒരുക്കുന്നത്‌. ആവശ്യമെങ്കില്‍ മദീരയിലേയും പോര്‍ച്ചുഗലിലെ മറ്റ്‌ ഇടങ്ങളിലേയും ആശുപത്രികള്‍ക്ക്‌ സഹായം നല്‍കുമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിട്ടുണ്ട്‌.

Read more: ലോക്ക് ഡൌണില്‍ അവരാരും പട്ടിണി കിടക്കാന്‍ പാടില്ല; സഹായവുമായി സാനിയ മിർസ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക