ലോകകപ്പില്‍ ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടറാകുന്ന താരമാരായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍.

ബറോഡ: ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദക്ഷിണിഫ്രിക്കക്കും ന്യൂസിലന്‍ഡിനുമെതിരായ ടി20 പരമ്പരകളാണ് ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് കളിക്കാനുള്ളത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ഇന്ത്യൻ ടീമിലെ എക്സ് ഫാക്ടറാകുന്ന താരമാരായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. അത് വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയോ പേസര്‍ ജസ്പ്രീത് ബുമ്രയോ ആയിരിക്കില്ലെന്ന് പത്താന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. പരിക്കുമാറി ടീമില്‍ തിരിച്ചെത്തുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ എക്സ് ഫാക്ടറെന്ന് പത്താന്‍ വ്യക്തമാക്കി.

അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തയിയാല്‍ അതില്‍ ഹാര്‍ദ്ദിക്കിന് നിര്‍ണായക പങ്കുണ്ടാകുമെന്നും പത്താന്‍ പറഞ്ഞു. ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചുവന്നതോടെ റിങ്കു സിംഗിന് ടി20 ലോകകപ്പില്‍ ടീമിലിടം ഉണ്ടാകില്ലെന്നും പത്താന്‍ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയ റണ്ണെടുത്ത റിങ്കു ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ആ മത്സരം മഴ മുടക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി തെരഞ്ഞെടുത്തിരിക്കുന്ന ടീമിലെ 90-95 ശതമാനം താരങ്ങളും ടി20 ലോകകപ്പ് ടീമിലുണ്ടാകുമെന്നും പത്താന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വഷിംഗ്ടൺ സുന്ദർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക