ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ അഭിമാനകരമായ നാറ്റ്വെസ്റ്റ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് ജേഴ്സി ഊരി വീശിയ ദാദയെ മറക്കാന്‍ ആര്‍ക്ക് പറ്റും. ഇന്നും അതിനോളം മിഴിവുള്ള ഒരു ആഘോഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ സംശയമാണ്.
കൊല്‍ക്കത്ത: സൗരവ് ഗാംഗുലി എന്ന പേര് പറയുമ്പോള്‍ ആരാധകരുടെ മനസില്‍ വരുന്ന ആദ്യ ചിത്രമേതായിരിക്കും..? ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാള്‍ അല്ലെങ്കില്‍ ഓഫ്സെെഡില്‍ എത്ര ഫീല്‍ഡര്‍മാരെ നിര്‍ത്തിയാലും വിടവ് കണ്ടെത്തി നേടുന്ന ബൗണ്ടറികള്‍, നഖം കടിച്ച് ഗ്രൗണ്ടില്‍ നില്‍ക്കുന്ന നായകന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ മനസിലൂടെ മിന്നി മാഞ്ഞു പോകും.
പക്ഷേ, അതിനെല്ലാം മുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ നിന്ന് മായാത്ത ഒരു ദൃശ്യമുണ്ട്. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ അഭിമാനകരമായ നാറ്റ്വെസ്റ്റ് ട്രോഫി പോരാട്ടത്തിലെ ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് ജേഴ്സി ഊരി വീശിയ ദാദയെ മറക്കാന്‍ ആര്‍ക്ക് പറ്റും. ഇന്നും അതിനോളം മിഴിവുള്ള ഒരു ആഘോഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ സംശയമാണ്. അതില്‍ ആവേശമുണ്ട്, വാശിയുണ്ട്, ഊര്‍ജമുണ്ട്.
അന്ന് നടന്ന രസകരമായ ഒരു കാര്യം ഓര്‍ത്തെടുക്കുകയാണ് ഗാംഗുലി. ലോര്‍ഡ്സിന്‍റെ ബാല്‍ക്കണിയില്‍ താന്‍ ജേഴ്സി ഊരാന്‍ പോയപ്പോള്‍ തൊട്ടടുത്ത് നിന്ന വി.വി.എസ്. ലക്ഷ്മണ്‍ തടഞ്ഞെന്നാണ് ദാദയുടെ വെളിപ്പെടുത്തല്‍. തന്‍റെ ഇടതു വശത്ത് ലക്ഷ്മണും പിന്നില്‍ ഹര്‍ഭജന്‍ സിംഗുമാണ് നിന്നത്. വിജയറണ്‍ കുറിച്ചതിന്‍റെ ആവേശത്തില്‍ ജേഴ്സി ഊരാന്‍ പോയപ്പോള്‍ അത് ചെയ്യരുതെന്ന് ലക്ഷ്മണ്‍ പറഞ്ഞു.
അതിന് ശേഷം ലക്ഷ്മണ്‍ തന്നോട് ചോദിച്ചു അദ്ദേഹം ഇനി എന്ത് ചെയ്യണമെന്ന്. ലക്ഷ്മണോടും ഷര്‍ട്ട് ഊരാന്‍ താന്‍ പറഞ്ഞതായും ഗാംഗുലി പറഞ്ഞു. ആ സമയത്ത് ഇന്ത്യന്‍ ടീം ആക്രമണോത്സുക നിറഞ്ഞ താരങ്ങള്‍ക്കൊപ്പം സമാധാന പ്രീയരായ കളിക്കാരുടെയും സംഘമായിരുന്നു. ഹര്‍ഭജന്‍, യുവരാജ്, വീരു തുടങ്ങിയവര്‍ വാശിയുള്ളവരും ദ്രാവിഡിനെയും ലക്ഷ്മണിനെയും പോലുള്ളവര്‍ മിതവാദികളുമുണ്ടായിരുന്നു. ആന്‍ഡ്രൂ ഫ്ലിന്‍റോഫ് മുംബെെയിലെ വാങ്കംഡെ സ്റ്റേഡിയത്തില്‍ നടത്തിയ ആഘോഷ പ്രകടനമാണ് തന്നെ ഷര്‍ട്ട് ഊരി വീശാന്‍ പ്രേരിപ്പിച്ചതെന്നും മുന്‍ നായകന്‍ വ്യക്തമാക്കി.
