അടുത്ത ഐപിഎല്‍ സീസണില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ നോട്ടമിടുന്ന ടീമുകള്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. രാജ്യമാണ് വലുത്, ഐപിഎല്‍ അല്ലെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ ലോകകപ്പ് ടീമിലുള്ള താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന സൂചനയും നല്‍കി.
മെല്‍ബണ്‍: അടുത്ത ഐപിഎല്‍ സീസണില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ നോട്ടമിടുന്ന ടീമുകള്‍ക്ക് തിരിച്ചടി നല്‍കുന്ന തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. രാജ്യമാണ് വലുത്, ഐപിഎല്‍ അല്ലെന്ന് വ്യക്തമാക്കിയ ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പ് പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതിനാല്‍ ലോകകപ്പ് ടീമിലുള്ള താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറേണ്ടിവരുമെന്ന സൂചനയും നല്‍കി.
മെയ് ആദ്യവാരമായിരിക്കും ലോകകപ്പ് പരിശീലന ക്യാമ്പ് തുടങ്ങുക. ഇതിനുശേഷം ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ താരങ്ങള്‍ക്ക് പങ്കെടുക്കേണ്ടിവരും. മാര്‍ച്ച് 29 മുതല്‍ മെയ് 19വരെയാണ് അടുത്ത ഐപിഎല്‍ സീസണ്‍. അതായത്, ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് 10 ദിവസത്തെ ഇടവേള മാത്രമാണ് ലഭിക്കുക.
ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങള്‍ സമാപിക്കുന്ന മാര്‍ച്ച് 23ന് ശേഷം മാത്രമെ ഓസീസ് താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി അനുവദിക്കൂവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 29ന് അവസാനിക്കുന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലും ഓസീസ് താരങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്.
ഐപിഎല്‍ നേരത്തെയാക്കിയാലും ഓസീസ് താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഉറപ്പില്ലെന്ന് ചുരുക്കം. ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക് സാധാരണയായി വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇത്തവണ ഓസീസ് താരങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുമെന്നാണ് സൂചന.
