മാഡ്രിഡ്: സ്വന്തം കഴിവിനോടും ചിത്രങ്ങളോടുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുള്ള മതിപ്പ് ആരാധകര്‍ക്കറിയാവുന്നതാണ്. അത് റൊണാള്‍ഡോ ഒരിക്കലും മറച്ചുവെക്കാറുമില്ല. താനാണ് കേമനെന്ന് അഹങ്കാരത്തോടെ പറയുമ്പോഴും അതിന് അടിവരയിടുന്ന പ്രകടനങ്ങളും റോണോയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്. താന്‍ സുന്ദരനും പണക്കാരനും ഏറ്റവും മികച്ച കളിക്കാരനുമായതുകൊണ്ടാണ് പലര്‍ക്കും തന്നോട് അസൂയയെന്ന് റൊണാള്‍ഡോ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.

സ്പാനിഷ് ലീഗില്‍ ഞായറാഴ്ച ഡിപോര്‍ട്ടീവോ ലൊ കൊരൂണയ്ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളടിച്ച് ടീമിന് 7-0ന്റെ തകര്‍പ്പന്‍ ജയം സമ്മാനിച്ച റൊണാള്‍ഡോ കളിക്കിടെ പരിക്കേറ്റ് തലയിലും മുഖത്തും ചോരയൊലിപ്പിച്ച് കളം വിട്ടു. രണ്ടാം ഗോള്‍ നേടുന്നതിനിടയില്‍ ഡിപ്പോര്‍ട്ടിവോ പ്രതിരോധക്കാരന്‍ ഫാബിയന്‍ സ്‌കാറിന്റെ ബൂട്ട് കൊണ്ട് മുഖം മുറിഞ്ഞ് ചോരയൊലിപ്പിച്ച് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിടുകയായിരുന്നു.

ചികിത്സ നല്‍കാനായി തന്റെ സമീപമെത്തിയ ടീം മെഡിക്കല്‍ സംഘത്തിലെ അംഗത്തോട് മൊബൈലിലെ മിറര്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട റൊണാള്‍ഡോ ചോരയൊലിപ്പിക്കുന്ന സ്വന്തം മുഖം നോക്കി കാണുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച റയല്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. അഡ്രിയാന്‍ ലോപ്പസിന്റെ ഗോളില്‍ ആദ്യം പിന്നില്‍ പോയ റയല്‍ പിന്നീട് റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ക്ക് പുറമേ ബെയ്ല്‍, നാച്ചോ ഫെര്‍ണാണ്ടസ്, ലൂ്കാമോഡ്രിക്ക് എനന്നിവരുടെ ഗോളുകളില്‍ വിജയം നേടുകയായിരുന്നു. ജയിച്ചെങ്കിലും 51 പോയിന്റുാമയി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സിലോണയേക്കാള്‍ ഏറെ പിന്നിലാണ് റയല്‍.