കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. അഞ്ചിന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ കളിച്ചേക്കില്ല. പരിക്കില്‍ നിന്ന് മുക്തനായശേഷം ആദ്യ ടെസ്റ്റ് കളിക്കാനൊരുങ്ങുന്ന സ്റ്റെയിനിന് രാജ്യാന്തര മത്സരങ്ങള്‍ക്ക് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഓട്ടിസ് ഗിബ്സണ്‍ പറഞ്ഞു. എങ്കിലും ടീം കോമ്പിനേഷന്‍ സംബന്ധിച്ച് സാഹചര്യങ്ങള്‍ക്കനുസരിച്ച് മത്സരദിവസം മാത്രമെ അന്തിമ തീരുമാനമെടുക്കൂവെന്നും ഗിബ്സണ്‍ പറഞ്ഞു.
സിംബാബ്‌വെയ്ക്കെതിരെ നടന്ന ഏക ടെസ്റ്റില്‍ സ്റ്റെയിന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വൈറല്‍ അണുബാധയെത്തുടര്‍ന്ന് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കുമൂലം 14 മാസമായി മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റെയിനിന് കായികക്ഷമത തെളിയിക്കാന് ലഭിച്ച അവസരം ഇതോടെ നഷ്ടമായി. ഇന്ത്യക്കെതിരെ മൂന്ന് പേസര്‍മാരും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തിയാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക എന്നാണ് സൂചന.
മികച്ച ഫോമിലുള്ള മോണി മോര്‍ക്കലും റബാദയും അന്തിമ ഇലവനില്‍ കളിക്കുമെന്ന് ഉറപ്പാണ്. മൂന്നാം പേസറായി സ്റ്റെയിനിനെ ഉള്‍പ്പെടുത്തണോ ഫിലാന്‍ഡറെ കളിപ്പിക്കണോ എന്നാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. സ്പിന്നറായി കേശവ് മഹാരാജ് ടീമിലെത്തിയേക്കും. സിംബാബ്‌വെക്കിതിരെ കളിക്കാതിരുന്ന നായകന്‍ ഫാഫ് ഡൂപ്ലെസിയും ക്വിന്റണ്‍ ഡീ കോക്കും ടീമില്‍ തിരിച്ചെത്തുമെന്ന് ഗിബ്സണ്‍ വ്യക്തമാക്കി.
