ലണ്ടന്‍: വിരാട് കോലിയുടെ പേര് തെറ്റിച്ചെഴുതിയതിന്റെ പേരില്‍ ആരാധകരുടെ ട്രോള്‍ എറ്റുവാങ്ങിയ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വ്യാറ്റ് വിശദീകരണവുമായി രംഗത്ത്. കോലി സമ്മാമായി നല്‍കിയ ബാറ്റിന്റെ കീഴ് ഭാഗത്ത് കോലിയുടെ പേരെഴുതിയ ചിത്രത്തോടൊപ്പം ഇന്നലെ ഡാനിയേല നടത്തിയ ട്വീറ്റായിരുന്നു ആരാധകര്‍ ട്രോളാക്കിയത്. വിരാട് കോലി എന്ന പേരെഴുതിയപ്പോള്‍ ഒരക്ഷരം മാറിപ്പോയി. കൊഹ്‌ലി എന്നതിന് പകരം എഴുതിയപ്പോള്‍ കോളി എന്നായിപ്പോയതായിരുന്നു കാരണം.
തന്നെ ട്രോളിയ ആരാധകരോട് പറയാനുള്ളതെന്ന് പറഞ്ഞാണ് ഡാനിയേല പുതിയ ട്വീറ്റിട്ടത്. കോലിയുടെ പേര് തെറ്റിച്ചെഴുതിയത് തന്റെ കൈയബദ്ധമല്ലെന്നും ബാറ്റ് നിര്‍മാതാക്കളുടെ പിഴവാണെന്നുമാണ് ഡാനിയേല ട്വിറ്ററില്‍ വിശദീകരിക്കുന്നത്.
വനിതാ ലോകകപ്പില്‍ മിതാലിപ്പടയെ തോല്‍പ്പിച്ച് കിരീടം നേടിയ ഇംഗ്ലീഷ് സംഘാംഗമായിരുന്നു ഡാനിയേല. മറ്റൊരു തരത്തിലും ഡാനിയേലയെ ഇന്ത്യക്കാര്‍ക്ക് പരിചിതയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് വിവാഹാഭ്യര്‍ഥന നടത്തിയ ഇംഗ്ലീഷ് താരമെന്ന നിലയില്‍. 2014ലെ ട്വന്റി-20 ലോകകപ്പിനിടെയായിരുന്നു ഇത്.
അന്ന് കോലി സമ്മാനമായി നല്‍കിയ ബാറ്റാണ് ഡാനിയേല കഴിഞ്ഞ ദിവസം പുറത്തെടുത്തത്. കോലി തന്ന ബാറ്റ് വെച്ച് പരിശീലനം നടത്താനൊരുങ്ങുന്ന കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചപ്പോഴാണ് അക്ഷരത്തെറ്റിന്റെ കാര്യം ആരാധകര്‍ കണ്ടുപിടിച്ചത്. 2014ലെ ട്വന്റി-20 ലോകകപ്പ് സെമിയില്‍ 72 റണ്‍സടിച്ച കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോഴായിരുന്നു ഡാനിയേല ട്വിറ്ററിലൂടെ കോലിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. 26കാരിയായ ഡാനിയേല 2010ല്‍ ഇന്ത്യക്കെതിരെ ആണ് അരങ്ങേറിയത്. 53 ഏകദിനങ്ങളില്‍ 17.20 ശരാശരിയില്‍ 602 റണ്‍സാണ് ഡാനിയേലയുടെ സമ്പാദ്യം. 27 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്.
