ഹൈദരാബാദ്: ഇന്ത്യാ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ ഓസ്ട്രേലിയന്‍ താരങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള പോര് തുടങ്ങി. അശ്വിനെ നേരിടാന്‍ തയാറാണെന്നും അശ്വിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും ഓസീസ് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. അശ്വിനോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം എപ്പോഴും ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ചിന്തിക്കുന്ന ബൗളറാണ്.

അതുകൊണ്ടുതന്നെ അശ്വിനെ കരുതലോടെ കളിച്ചേ മതിയാവു. അശ്വിനെതിരെ വ്യക്തമായ പദ്ധതിയോടെയാണ് ഞാന്‍ ക്രീസിലിറങ്ങുക. എന്നെ നേരിടാന്‍ അശ്വിനും തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടാവുമെന്നറിയാം. അതുകൊണ്ടുതന്നെ മികച്ച പോരാട്ടമായിരിക്കും കളിക്കളത്തില്‍ കാണാനാകുക-വാര്‍ണര്‍ പറഞ്ഞു.

കൊഹ്‌ലിയുടെ മികവിനെ പ്രകീര്‍ത്തിക്കാനും വാര്‍ണര്‍ മറന്നില്ല. കൊഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഏത് ഫോര്‍മാറ്റിലായാലും കൊഹ്‌ലി മികവുറ്റ കളിയാണ് പുറത്തെടുക്കുന്നത്. രാജ്യത്തെ ആരാധകര്‍ മുഴുവന്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്ന് അറിയാം. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഒരിക്കലും പുറകോട്ട് പോവാത്ത കളിക്കാരാണ് ജോ റൂട്ടും കൊഹ്‌ലിയും സ്റ്റീവ് സ്മിത്തും ഫാഫ് ഡൂപ്ലെസിയുമെല്ലാം.

അവരെ കീഴടക്കുക എന്നത് ദുഷ്കരമാണ്. കൊഹ്‌ലിയെ പ്രകോപിപ്പിക്കാന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരുപക്ഷെ തിരച്ചടിയാവും. വലിയ കളിക്കാര്‍ക്ക് ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി അറിയാം. എങ്കിലും അത് കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കില്‍ സ്ലെഡ്ജിംഗ് ഒരുപരിധിവരെ തെറ്റില്ലെന്നും വാര്‍ണര്‍ പറഞ്ഞു.