സാഗ്രെബ്: ഡേവിസ് കപ്പ് ടെന്നിസിൽ  അര്‍ജന്റീന ചാമ്പ്യന്മാര്‍.വാശിയേറിയ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ നാടകീയ ജയം സ്വന്തമാക്കിയാണ് അര്‍ജന്റീന  ആദ്യമായി ഡേവിസ് കപ്പ് ചാമ്പ്യന്മാരായത്. 3-2നാണ് അര്‍ജന്റീന ജയിച്ചത്. ഡബിള്‍സ് മത്സരങ്ങള്‍ക്കുശേഷം ക്രൊയേഷ്യ 2-1ന് മുന്നിലായിരുന്നു.എന്നാല്‍ ആദ്യ റിവേഴ്സ്സിംഗിള്‍സില്‍ മാരിന്‍ ചിലിച്ചിനെ അട്ടിമറിച്ച ഡെൽപോട്രോ അര്‍ജന്റീനയെ ഒപ്പമെത്തിച്ചു.

ആദ്യ രണ്ട് സെറ്റും നഷ്ടമായ ശേഷമാണ് ഡെൽപോട്രോ തിരിച്ചുവന്നത്. സ്കോര്‍ 6-7(4) 2-6 7-5 6-4 6-3. അവസാന റിവേഴ്സ് സിംഗില്‍സില്‍ ഇവോ കാര്‍ലോവിച്ചിനെ തോൽപ്പിച്ച് ഫെഡെറിക്കോ ഡെല്‍ബോനിസ് കിരീടം അര്‍ജന്റീനയിൽ എത്തിച്ചു. സ്കോര്‍: 6-3 6-4 6-2.

ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ സാന്നിധ്യത്തിലായിരുന്ന അര്‍ജന്റീനയുടെ ഗഭീര  തിരിച്ചുവരവ്. ഇതിന് മുന്‍പ് കളിച്ച നാല് ഫൈനലിലും അര്‍ജന്റീന തോറ്റിരുന്നു.1986, 2006, 2008, 2011 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് അര്‍ജന്റീന ഫൈനല്‍ കളിച്ചത്.