ദില്ലി: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത് ഓപ്പണര്‍മാരുടെ വെടിക്കെട്ട്. തുടക്കംമുതല്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പറത്തിയ ധവാനും രോഹിതും ഒന്നാം വിക്കറ്റില്‍ കുറിച്ചത് 158 റണ്‍സ്. ട്വന്‍റി20യില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഉയര്‍ന്ന സ്കോറാണ് ഫിറോസ് ഷാ കോട്‌ലയില്‍ പിറന്നത്. ഇംഗ്ലണ്ടിനെതിരെ 2006ല്‍ സെവാഗ്- ഗംഭീര്‍ സഖ്യം നേടിയ 136 റണ്‍സ് പഴങ്കഥയായി. 

അതേസമയം പാക്കിസ്ഥാനെതിരെ 2016ല്‍ ന്യൂസിലന്‍റിന്‍റെ ഗുപ്റ്റിലും വില്യംസണും ചേര്‍ന്ന് നേടിയ 171 റണ്‍സിന്‍റെ ലോകറെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായില്ല. രോഹിത് 55 പന്തില്‍ 80 റണ്‍സും ധവാന്‍ 52 പന്തില്‍ 80 റണ്‍സുമെടുത്തു. പതിനേഴാമത്തെ ഓവറില്‍ സ്‌പിന്നര്‍ സോധി ധവാനെ പവലിയനിലേക്ക് മടക്കിയതോടെയാണ് സന്ദര്‍ശകര്‍ക്ക് റെക്കോര്‍ഡ് കുട്ടുകെട്ട് പൊളിക്കാനായത്.