റാഞ്ചി: വിജയ് ഹസാരേ ട്രോഫി ഏകദിനത്തില്‍ ജാര്‍ഖണ്ഡും ബംഗാളും തമ്മിൽ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമി ഫൈനല്‍ മാറ്റി വച്ചു. ദ്വാരകയിൽ ജാര്‍ഖണ്ഡ് ടീം താമസിക്കുന്ന ഐടിസി ഹോട്ടലില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. ഇന്ന് രാവിലെ ഒമ്പതിന് എയര്‍ഫോഴ്സിന്റെ പാലം ഗ്രൗണ്ടിൽ നടക്കേണ്ട സെമി നാളെ ഫിറോസ് ഷാ കോട്‌ലയിൽ നടക്കും.
എംഎസ് ധോണി അടക്കമുള്ള കളിക്കാരെ ഹോട്ടലില്‍ നിന്ന് പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ അപകടമൊഴിവായി. ഹോട്ടലിന്റെ ഏഴാം നിലയിലാണ് താരങ്ങള്‍ താമസിച്ചിരുന്നത്. രാവിലെ ഏഴരയോടെയാണ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. താരങ്ങളുടെ മുറിയിലേക്ക് പുക എത്തിയപ്പോഴാണ് തീപിടിച്ചവിവരം കളിക്കാര്‍ പോലും അറിയുന്നത്.
ഹോട്ടലില്‍ ഫയര്‍ അലാറം ഉണ്ടായിരുന്നില്ലെന്ന് ബിസിസിഐ പിച്ച് കമ്മിറ്റി അംഗം തപസ് ചാറ്റര്‍ജി പറഞ്ഞു. തീ പിടിച്ചതിനെത്തുടര്‍ന്ന് ലൈറ്റുകള്‍ ഓഫാകുകയും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. തുടര്‍ന്ന് താരങ്ങള്‍ മുറികളില്‍ നിന്ന് കൈയില്‍ കിട്ടിയ സാധനങ്ങളുമായി ഇറങ്ങിയോടുകയായിരുന്നു. ടീം അംഗങ്ങളുടെ കിറ്റ് പലതും കത്തിനശിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.ഫൈനലിലെത്തിയ തമിഴ്നാട് ടീമും തീപിടിക്കുമ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.
