പൂനെ: ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയാണ്. എന്നാല്‍ ശരിക്കും നായകന്‍ കോലി തന്നെയാണോ എന്നാണിപ്പോള്‍ ആരാധകരുടെ സംശയം. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ധോണി കോലിക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത് സ്റ്റംപ് മൈക്കുകള്‍ പിടിച്ചെടുത്തത് പുറത്തുവന്നതോടെയാണ് ഈ സംശയം ആരാധകര്‍ക്കുണ്ടായത്.

ഒരോ പന്തും എവിടെ എറിയണമെന്നതിലും ഫീല്‍ഡിംഗ് എങ്ങനെവേണമെന്നതിലും എല്ലാം ഇപ്പോഴും അവസാന വാക്ക് ധോണി തന്നെയാണെന്ന് സ്റ്റംപ് മൈക്കിലെ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. കോലിയുടെ വിളിപ്പേരായ ചീക്കു എന്നു വിളിച്ചാണ് ധോണി നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

കേദാര്‍ ജാദവ് പന്തെറിയുമ്പോള്‍ കോലിയോടായി ധോണി പറയുന്നു, ചീക്കു, രണ്ട് മൂന്ന് ഫീല്‍ഡര്‍മാരെ ഇവിടെ നിയോഗിക്കു, മറ്റൊരിടത്ത്, ചീക്കു ഒരു പന്തിനുകൂടി ഇതേ ഫീല്‍ഡ് തന്നെ മതിയെന്നും ധോണി പറയുന്നുണ്ട്. കോലിയാണ് ക്യാപ്റ്റനെങ്കിലും ബൗളര്‍മാരെ നയിക്കുന്നതിലും ഫീല്‍ഡിംഗ് വിന്യാസത്തിലും ധോണി തന്നെയാണ് ശരിക്കും ക്യാപ്റ്റനെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പറഞ്ഞിരുന്നു.