പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയെ നാപോളി സമനിലയില്‍ തളച്ചു. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. ഇഞ്ചുറി ടൈമിലായിരുന്നു പിഎസ്ജിയുടെ സമനില ഗോള്‍. അല്ലെങ്കില്‍ സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നേനെ ഫ്രഞ്ച് ചാംപ്യന്മാര്‍ക്ക്. 29ആം മിനുട്ടില്‍ ലോറന്‍സോ ഇന്‍സിഗ്നെ നേടിയ ഗോളിലൂടെ നാപ്പോളിയാണ് മുന്നിലെത്തിയത്. നാപ്പോളി താരം മരിയോ റൂയി വഴങ്ങിയ ഓണ്‍ ഗോളിലൂടെ 61ആം മിനുട്ടില്‍ പിഎസ്ജി ഒപ്പമെത്തി. 77 ആം മിനുട്ടില്‍ ഡ്രൈസ് മെര്‍ട്ടന്‍സ് വീണ്ടും നാപ്പോളിയെ മുന്നിലെത്തിച്ചു. എന്നാല്‍ കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഏഞ്ചല്‍ ഡി മരിയയിലൂടെ പിഎസ്ജി സമനില ഗോള്‍ നേടി.

പിഎസ്‌വി ഐന്തോവന്‍- ടോട്ടനം പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. ലൊസാനോ, ഡി ജോംഗ് എന്നിവരാണ് പിഎസ്‌വിയുടെ സ്‌കോറര്‍മാര്‍. ലൂക്കാസ് മൗറ, ഹാരി കെയ്ന്‍ എന്നിവര്‍ ടോട്ടനത്തിനായി ഗോള്‍ നേടി. എഴുപത്തിയൊന്‍പതാം മിനിറ്റില്‍ ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടോട്ടനത്തിന് കനത്ത പ്രഹരമായി.

മറ്റ് മത്സരങ്ങളില്‍ മൊണാക്കോയെ ക്ലബ്ബ് ബ്രിഡ്ജ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗലറ്റ്‌സരെ ഷാല്‍ക്കെ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ലോക്കോമോട്ടീവ് മോസ്‌കോയെ എഫ്‌സി പോര്‍ട്ടോ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു.