ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുതിര്‍ന്ന താരങ്ങളും പരിശീലകനും തമ്മിലുളള പോര് പുതിയ തലങ്ങളിലേക്ക്. ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അനില്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. ഡിഎന്‍എയാണ് ബിസിസിഐ ഒഫീഷ്യലുകളെ ഉദ്ദരിച്ച് നിര്‍ണായക വാര്‍ത്ത പുറത്തുവിട്ടത്. ചോര്‍ത്തി നല്‍കിയ വാട്സ് ആപ്പ് സന്ദേശങ്ങളില്‍ ഇന്ത്യന്‍ നായകന്‍ കൊഹ്‌ലിക്കെതിരെ ചില താരങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് നായകന്‍ വിരാട് കൊഹ്‌ലി അടക്കമുളള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുളളതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമിന്റെ കാര്യം ഉള്‍പ്പെടെ കുംബ്‌ളേയും കൊഹ്‌ലിയും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെന്നും ധര്‍മ്മശാലയില്‍ കോഹ്‌ലിക്ക് പരിക്കേറ്റ് വിട്ടു നിന്നപ്പോള്‍ പകരക്കാരനായി ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്‌ളേ ഉള്‍പ്പെടുത്തിയത് കോഹ്ലിക്ക് ഇഷ്ടമായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കുംബ്‌ളേ പരിശീലകനായിരിക്കുന്നതില്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ള ചില സീനിയര്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും കടുത്ത ഇടപെടല്‍ നടത്തുന്ന കുംബ്‌ളേയ്ക്ക് കീഴില്‍ സീനിയര്‍ താരങ്ങള്‍ അതൃപ്‍തരാണെന്നും ഇവര്‍ രവിശാസ്ത്രിയുടെ പരിശീലനരീതിയോട് ആഭിമുഖ്യം കാണിക്കുന്നവരാണെന്നും കുംബ്‌ളേയുടെ താല്‍ക്കാലിക കാലാവധി പൂര്‍ത്തിയായാല്‍ രവിശാസ്ത്രിയെ പരിശീലകനാക്കണമെന്നുമാണ് ഇവരുടെ ആവശ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയോടെയാണ് കുംബ്‌ളേയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. താല്‍ക്കാലിക പരിശീലകനായി അവസാനിക്കുന്ന കുംബ്‌ളേയുടെ കാലാവധി 2019 ലോകകപ്പ് വരെ ആക്കാനുള്ള കാര്യം ബിസിസിഐ ആലോചിച്ചുകൊണ്ടിരിക്കെയാണ് പ്രശ്നം രൂക്ഷമാകുന്നത്.

സുപ്രീംകോടതി പുതിയതായി ബിസിസിഐ ചുമതലയ്ക്കായി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ചെയര്‍മാന്‍ വിനോദ് റായി പ്രശ്‍നത്തില്‍ ഇടപെട്ട് സംസാരിച്ചെന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ മധ്യസ്ഥരായി ചുമതലപ്പെടുത്തിയെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

ഇതിന് പിന്നാലെയാണ് വാട്‍സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി നല്‍കിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഈ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തു വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കോളിളക്കം സംഭവിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.