ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയധികം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് താരതമ്യം ചെയ്ത മറ്റൊരു താരമുണ്ടാകില്ല. ചുരുങ്ങിയ കാലം കൊണ്ട് കോലി മറികടന്ന നേട്ടങ്ങള്‍ തന്നെയാണ് പലരെയും അതിന് പ്രേരിപ്പിക്കുന്നതും. അവസാനമായി കീവീസുമായുള്ള മത്സരത്തിലും നേട്ടങ്ങളുടെ പട്ടിക തുറന്നാണ് കോലി യാത്ര തുടരുന്നത്. 

ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 9000 റണ്‍ നേടുന്ന താരമായി കോലി. വെറും 194 ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. 205 മത്സരങ്ങളില്‍ നിന്ന് നേട്ടം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളിയാണ് കോലി മുന്നിലെത്തിയത്. പരമ്പരയിലെ പ്രകടനത്തിലൂടെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും കോലി് തിരിച്ചുപിടിച്ചു.

ഇങ്ങനെ നേട്ടങ്ങളുടെ പാതയില്‍ അതിവേഗം കുതിക്കുകയാണ് കോലി. ഇതൊക്കെയാണെങ്കിലും കോലിയെ അന്തമായി പിന്തുടരുതെന്നാണ് എക്കാലത്തെയും ക്ലാസിക് ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിന് പറയാനുള്ളത്. കളിക്കളത്തിലും പുറത്തും കോലി ചൂടനാണെന്നും ഇത് ആരും മാതൃകയാക്കരുതെന്ന് ദ്രാവിഡ് പറഞ്ഞു. എന്നാല്‍ ചില സമയങ്ങളില്‍ ഇത് ആവശ്യമാണെന്നും ദ്രാവിഡ് പറയുന്നുണ്ട്. 

കളിക്കളത്തില്‍ നാവിനെക്കാള്‍ പ്രകടനമാണ് മുഖ്യമെങ്കിലും ചില അവസരങ്ങളില്‍ നാവിനും പ്രാധാന്യമുണ്ട്. പിടിച്ചുകെട്ടാനാകാത്ത തരത്തിലുള്ള ബാറ്റിങ് ടെക്‌നിക്കുകളാണ് അദ്ദേഹത്തില്‍ നിന്ന് പുതുതലമുറയ്ക്ക് പഠിക്കാനുള്ളത് എന്നാല്‍ കോലിയെ അന്ധമായി അനുകരിക്കരുതെന്നും ദ്രാവിഡ് ഓര്‍മപ്പെടുത്തി. ബെംഗളൂരില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.