കോലിയെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്യരുതെന്ന് വിന്‍ഡീസ് ഇതിഹാസം കാള്‍ ഹൂപ്പര്‍. കോലി ഇതിഹാസ വഴിയിലേക്കുള്ള യാത്രയിലാണെന്നും വീണ്ടും തിരുവനന്തപുരത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്നും ഹൂപ്പര്‍...

തിരുവനന്തപുരം: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്യരുതെന്ന് വിന്‍ഡീസ് ഇതിഹാസം കാള്‍ ഹൂപ്പര്‍. റിച്ചാര്‍ഡ്‌സ് നേരിട്ടത് കടുപ്പമേറിയ ബൗളര്‍മാരെയാണ്. കോലി ഇതിഹാസ വഴിയിലേക്കുള്ള യാത്രയിലാണ്. 30 വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്നും മുന്‍ വിന്‍ഡീസ് നായകന്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് 1988ല്‍ ഇന്ത്യയെ കീഴടക്കിയ വിഖ്യാത വിന്‍ഡീസ് ടീമിലംഗമാണ് കാള്‍ ഹൂപ്പര്‍. കാര്യവട്ടത്ത് നാളെ നടക്കുന്ന ഇന്ത്യാ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തിന് മുന്നോടിയായാണ് വിന്‍ഡീസ് ഇതിഹാസം ഏഷ്യാനെറ്റ് ന്യൂസിനോട് മനസുതുറന്നത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടി വിരാട് കോലി ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ചിരുന്നു.

ഏകദിനത്തില്‍ 206 ഇന്നിംഗ്‌സില്‍ 38 സെഞ്ചുറി തികച്ച് കോലി ക്രിക്കറ്റ് വിദഗ്ധരെ പോലും അമ്പരപ്പിക്കുമ്പോഴാണ് വിഖ്യാത വിന്‍ഡീസ് താരത്തിന്‍റെ പ്രതികരണം. ടെസ്റ്റിലും ഏകദിനത്തിലും വിന്‍ഡീസിനെ നയിച്ച ഹൂപ്പര്‍ 102 ടെസ്റ്റില്‍ 5762 റണ്‍സും 114 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ 227 മത്സരങ്ങളില്‍ 5761 റണ്‍സും 193 വിക്കറ്റും കരീബിയന്‍ താരം കൊയ്‌തിട്ടുണ്ട്.