ദില്ലി: ദില്ലി-ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി മത്സരത്തിനിടെ മദ്യപര്‍ കാറോടിച്ചു മൈതാനത്തേക്ക് കയറ്റി. സുരേഷ് രെയ്‌നയും, ഇഷാന്ത് ശര്‍മ്മയും ഗൗതം ഗംഭീറും അടക്കുമുള്ള ഇന്ത്യന്‍ ടീമിലെ ഗ്ലാമര്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് കാറുമായി യുവാവിന്‍റെ സാഹസീക പ്രകടനം. പാലം എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരം നടക്കുന്നതിനിടെയാണ് സംഭവം. 

കളി അവസാനിക്കാന്‍ 20 മിനിറ്റ് അവശേഷിക്കെ 4.40ഓടെയാണ് യുവാവ് വാഗണ്‍ ആര്‍ കാറുമായി മൈതാനത്തേക്ക് എത്തിയത്. ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മ്മ എന്നയാളാണ് കാറുമായി പ്രകടനം കാഴ്ച വെച്ചത്. മൈതാനത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന താരങ്ങള്‍ വാഹനമിടിക്കാതിരിക്കുന്നതിന് ഓടിമാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ ഡല്‍ഹിയുടെ താരമായി നിന്നിരുന്ന ഗംഭീര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ലുങ്കിയും ഷര്‍ട്ടും ധരിച്ചെത്തിയ ഇയാള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ പാര്‍ലമെന്റെ സ്ട്രീറ്റ് ശാഖയില്‍ ജോലി ചെയ്യുന്നുവെന്ന് പിന്്‌നീട് പോലീസിനോട് പറഞ്ഞു. കളി നടന്നുകൊണ്ടിരുന്ന എയര്‍ഫോഴ്‌സ് മൈതാനത്തിന്റെ പ്രധാന കവാടം തുറന്ന് കിടന്നതാണ് സുരക്ഷാ വീഴ്ചയുടെ കാരണം. 

പ്രധാന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇല്ലായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.