കൊച്ചി: സിഫ്‌നിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നില്‍ ഒരു പ്രമുഖ ഡച്ച് ക്ലബില്‍ നിന്നുളള ക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായി സിഫ്‌നിയോസ് കാഴ്ച്ചവെച്ച പ്രകടനം ഡച്ച് ഡിവിഷനില്‍ കളിക്കുന്ന ഈ ക്ലബിന് അദ്ദേഹത്തെ ക്ഷണിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ താരത്തെ ഡച്ച് ക്ലബ് അവരുടെ നിരയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇതോടെ സ്വന്തം നാട്ടില്‍ കളിക്കാന്‍ സിഫ്‌നിയോസ് ആഗ്രഹം പ്രകടിപ്പിക്കുകയും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് സമ്മതം മൂളുകയും ചെയ്യുകയായിരുന്നു.
അതെസമയം നിലവിലെ കോച്ച് ഡേവിഡ് ജയിംസുമായുളള സിഫ്‌നിയോസിന്റെ അഭിപ്രായ വ്യത്യാസവും താരം ക്ലബ് വിടുന്നതിന് ഇടയാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സിഫ്നിയോസിനേക്കാള്‍ ജയിംസ് ടീമില്‍ പ്രഥമ സ്ട്രൈക്കറായി ഇയാന്‍ ഹ്യൂമിനെ പരിഗണിച്ചതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
നേരത്തേ ഒരു വിദേശ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും അതു ബെര്‍ബറ്റോവാകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ബള്‍ഗേറിയന്‍ താരം ഫോമിലല്ലാത്തതായിരുന്നു ഇത്തരമൊരു അഭ്യൂഹത്തിന് വഴിച്ചവെച്ചത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് സിഫ്നിയോസുമായുള്ള കരാര്‍ ഒഴിവാക്കാന്‍ മാനേജ്മെന്റും താരവും പരസ്പര ധാരണയില്‍ എത്തുകയായിരുന്നു. ഈ സീസണില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഡച്ച് താരം നാലു ഗോളും ഒരു അസിസ്റ്റും ടീമിനായി നേടിയിട്ടുണ്ട്.
