ക്വിറ്റോ: ലോകകപ്പിന് യോഗ്യത നേടാതെ പുറത്താകുക എന്ന നാണക്കേടിന്റെ വക്കില്‍ നിന്ന് അര്‍ജന്റീനയെ ഒറ്റയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ലയണല്‍ മെയിസുടെ ഹാട്രിക്കായിരുന്നു. ഇക്വഡോറിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ കളം നിറഞ്ഞു കളിച്ച മെസി എതിരാളികളെ നിഷ്ടപ്രഭമാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

കളി തുടങ്ങി 40-ാം സെക്കന്‍ഡില്‍ ഇക്വഡോര്‍ ഗോളടിച്ചു. റൊമാരിയോ ഇബ്രയുടെ ഗോള്‍ വീണതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചെന്ന് കരുതിയതാണ് ആരാധകര്‍. എന്നാല്‍ പന്ത്രണ്ടാം മിനിട്ടില്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം നടത്തിയ ആസൂത്രിത നീക്കത്തില്‍ മെസി അര്‍ജന്റിനയെ ഒപ്പമെത്തിച്ചു. എട്ടു മിനിട്ടിനകം രണ്ടാം ഗോളും നേടി അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസി 62-ാം മിനിട്ടില്‍ ഹാട്രിക്കും അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഉറപ്പാക്കി.