കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്കും പ്രത്യേകിച്ച് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും സന്തോഷവാര്‍ത്ത. ഈഡനിലെ പിച്ചില്‍ റണ്‍മഴ പെയ്യുമെന്നാണ് ക്യൂറേറ്ററുടെ വാഗ്ദാനം. ഈഡനില്‍ അനുപമമായ റെക്കോര്‍ഡുള്ള രോഹിത് ശര്‍മയെ സന്തോഷിപ്പിക്കുന്നതാണ് ക്യൂറേറ്ററുര്‍ സുജന്‍ മുഖര്‍ജിയുടെ വാക്കുകള്‍.

ആദ്യ ഐപിഎല്‍ സെഞ്ചുറിയും ആദ്യ ടെസ്റ്റ് സെഞ്ചുറിയും രോഹിത് നേടിയത് ഈഡനില്‍വെച്ചാണ്. 2013ലും 2015ലും മുംബൈയെ ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് നയിച്ചതും ഈഡനില്‍ തന്നെയായിരുന്നു. 2014ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 264 റണ്‍സ് രോഹിത് നേടിയതും ഈഡനില്‍വെച്ചായിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്ന കനത്ത മഴമൂലം പിച്ചും ഔട്ട് ഫീല്‍ഡും പൂര്‍ണമായും കവര്‍ ചെയ്തിരിക്കുകയാണെങ്കിലും ഇത് പിച്ചിന്റെ സ്വഭാവത്തെ ബാധിക്കില്ലെന്ന് സുജന്‍ മുഖര്‍ജി പറഞ്ഞു. ബാറ്റ്സ്മാന് ഷോട്ടുകള്‍ കളിക്കാന്‍ എളുപ്പമാകുന്ന തരത്തില്‍ പിച്ചില്‍ നല്ല പേസും ബൗണ്‍സുമുണ്ടാകുമെന്നും സ്പിന്നര്‍മാര്‍ക്ക് നേരിയ സഹായം ലഭിച്ചേക്കാമെന്നും ക്യൂറേറ്റര്‍ പറയുന്നു.

വിക്കറ്റൊരുക്കുന്നതിന് മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും സുജന്‍ മുഖര്‍ജിയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇരുടീമുകളെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചൊരുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും മുഖര്‍ജി പറഞ്ഞു. അതേസമയം, ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

2003ലാണ് ഓസ്ട്രേലി.യ അവസാനമായി ഈഡനില്‍ ഒരു ഏകദിന മത്സരം കളിച്ചത്. അന്ന് ഓസീസിന്റെ 236 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 37 റണ്‍സിന് തോറ്റു.