ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച കോലിക്ക് ഹോട്ടലില്‍ അപ്രതീക്ഷിത സമ്മാനം. ഹോട്ടല്‍ സ്റ്റാഫിന് നന്ദിയറിയിച്ച് കോലിയുടെ ട്വീറ്റ്.

സതാംപ്‌ടണ്‍: ടെസ്റ്റില്‍ വേഗതയില്‍ 6000 റണ്‍സ് തികച്ച രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം വിരാട് കോലി കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ആറായിരം റണ്‍സും റെക്കോര്‍ഡുമായി മത്സരശേഷം ടീം ഹോട്ടലില്‍ മടങ്ങിയെത്തിയ കോലിയെ കാത്തിരുന്നത് അപ്രതീക്ഷിത സമ്മാനമാണ്. സതാംപ്‌ടണിലെ ഹാര്‍ബര്‍ ഹോട്ടലാണ് ഇന്ത്യന്‍ നായകനെ ആദരിച്ചത്. 

'6000' എന്ന എഴുതിയ പ്രത്യേക കേക്കാണ് കോലിക്ക് ഹോട്ടല്‍ സമ്മാനിച്ചത്. ഹാര്‍ബര്‍ ഹോട്ടല്‍ സ്റ്റാഫിന് നന്ദിയറിയിച്ച് കേക്കിന്‍റെ ചിത്രം കോലി ട്വിറ്ററില്‍ പങ്കുവെച്ചു. 

Scroll to load tweet…

സതാംപ്‌ടണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഒമ്പത് റണ്‍സ് നേടിയപ്പോഴാണ് കോലി 6000 ക്ലബില്‍ ഇടംപിടിച്ചത്. 70-ാം ടെസ്റ്റിലെ 119-ാം ഇന്നിംഗ്സിലായിരുന്നു കോലിയുടെ 6000 റണ്‍സ്. 65 ടെസ്റ്റിലും 117 ഇന്നിംഗ്സിലും 6000 ക്ലബിലെത്തിയ സുനില്‍ ഗവാസ്‌കറാണ് വേഗത്തില്‍ 6000 ക്ലബിലെത്തിയ ഇന്ത്യന്‍ താരം‍. നേട്ടത്തിലെത്താന്‍ ഇതിഹാസ താരങ്ങളായ സെവാഗിന് 72 ടെസ്റ്റും 123 ഇന്നിംഗ്‌സും, ദ്രാവിഡിന് 73 ടെസ്റ്റും 125 ഇന്നിംഗ്സും, സച്ചിന് 76 ടെസ്റ്റും 120 ഇന്നിംഗ്സും വേണ്ടിവന്നു.