പൂജാരയുടെ റണൗട്ടില്‍ കോലിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള ആശയക്കുഴപ്പമാണ് പൂജാരയുടെ വിക്കറ്റ് തെറിപ്പിച്ചത്...
ലോഡ്സ്: മഴ പലതവണ വഴിമുടക്കിയ ലോഡ്‌സ് ടെസ്റ്റില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ തുടക്കം. ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ മഴ വീണ്ടും കളിച്ചപ്പോള്‍ പൂജാരയുടെ അപ്രതീക്ഷിത റണൗട്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ റണ്ണിനായി ഓടിയ പൂജാര കോലിയുമായുളള ആശയക്കുഴപ്പത്തിനിടയില്‍ വിക്കറ്റ് തുലയ്ക്കുകയായിരുന്നു.
ആന്‍ഡേഴ്സണിനെ സിംഗിളിന് ശ്രമിച്ച പൂജാര റണ്ണിനായി കുതിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ വിരാട് കോലി ഓടിത്തുടങ്ങിയെങ്കിലും ഓട്ടം പൂര്‍ത്തീകരിക്കാനാവില്ല എന്ന് മനസിലായതോടെ ക്രീസിലേക്ക് തിരിച്ചുകയറി. ഇതോടെ നടുക്കടലില്‍ പെട്ട പൂജാരയ്ക്ക് തിരികെയെത്താനുമായില്ല. അവസരം മുതലെടുത്ത പുതുമുഖതാരം ഓലി വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ മൂന്നിന് 15 എന്ന നിലയില്‍ ഇന്ത്യ തകരുകയായിരുന്നു.
പുറത്താവുമ്പോള്‍ 25 പന്തില്‍ ഒരു റണ്‍സായിരുന്നു പൂജാരയ്ക്കുണ്ടായിരുന്നത്. ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടിവന്ന പൂജാരയ്ക്ക് തിരിച്ചുവരവ് നിരാശയായി. എന്നാല്‍ പൂജാരയുടെ റണൗട്ടില്‍ കോലിക്കെതിരെ ട്വിറ്ററില്‍ ആരാധകര്‍ രംഗത്തെത്തി.
