പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി മോയിന്‍ അലിയെ ഇംഗ്ലണ്ട് കുക്കിന് പിന്നാലെ പരീക്ഷിച്ചു. ആ നീക്കത്തിന്‍റെ ആയുസ് 15 ബോളുകള്‍ മാത്രമായിരുന്നു. ഒമ്പത് റണ്‍സെടുത്ത അലിയെ ഇഷാന്ത് ശര്‍മയാണ് പറഞ്ഞയച്ചത്
സതാംപ്ടണ്‍: ഇന്ത്യക്കെതിരെയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിലും തകരുന്നു. ആദ്യം നേരിട്ട തിരിച്ചടിക്ക് ശേഷം അല്‍പം ശ്രദ്ധയോടെ ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 72 റണ്‍സ് ലീഡായി. എന്നാല്‍, അടുത്തടുത്ത പന്തുകളില്‍ രണ്ട് വിക്കറ്റുകള്‍ നിലംപൊത്തിയതാണ് ഇംഗ്ലീഷ് നിരയ്ക്ക് തിരിച്ചടിയായത്.
ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 36 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന നായകന്‍ ജോ റൂട്ടിലാണ് ഇംഗ്ലീഷ് പ്രതീക്ഷകള്‍ മുന്നോട്ട് പോകുന്നത്. ലീഡ് വഴങ്ങി ഇന്നലെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആറ് റണ്‍സ് എന്ന നിലയിലായിരുന്നു രണ്ടാം ദിനം കളി അവസാനിപ്പിച്ചിരുന്നത്.
ഇന്ന് കളി പുനരാരംഭിച്ചപ്പോള്‍ കളം പിടിക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ഏറെ താമസിക്കാതെ അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. 12 റണ്‍സെടുത്ത കുക്കിനെ ജസ്പ്രീത് ബുംറ രാഹുലിന്‍റെ കെെകളില്‍ എത്തിച്ചു. പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി മോയിന്‍ അലിയെ ഇംഗ്ലണ്ട് കുക്കിന് പിന്നാലെ പരീക്ഷിച്ചു.
ആ നീക്കത്തിന്‍റെ ആയുസ് 15 ബോളുകള്‍ മാത്രമായിരുന്നു. ഒമ്പത് റണ്‍സെടുത്ത അലിയെ ഇഷാന്ത് ശര്‍മയാണ് പറഞ്ഞയച്ചത്. പിന്നീടെത്തിയ റൂട്ടും ഓപ്പണര്‍ ജെന്നിംഗ്സും ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട് മുന്നോട്ട് പോയി. പക്ഷേ, 36 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കളിയില്‍ ആവേശമുണര്‍ന്നു.
നേരിട്ട ആദ്യ പന്തില്‍ തന്നെ ഷമിക്ക് മുന്നില്‍ കീഴടങ്ങി ജോനി ബെയര്‍സ്റ്റോയും മടങ്ങിയതോടെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്സാണ് ക്രീസില്‍. നേരത്തെ, ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 246 റണ്‍സിനെതിരെ ഇന്ത്യ 273 റണ്‍സ് കുറിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ പുറത്താകാതെയുള്ള സെഞ്ചുറിയാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.
