ഇന്ത്യയിലായാലും മത്സര സാഹചര്യങ്ങളെക്കുറിച്ച് തങ്ങള്‍ കുറ്റം പറയാറില്ലെന്ന് ശാസ്ത്രി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാലും പിച്ചിനെയോ മത്സര സാഹചര്യങ്ങളെയോ കുറ്റം പറയില്ലെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. ടെസ്റ്റ് പരമ്പരക്ക് മുമ്പ് നടക്കുന്ന സസെക്സിനെതിരായ പരിശീലനമത്സരം ഔട്ട് ഫീല്‍ഡിന്റെ മോശം അവസ്ഥകാരണം ഒരുദിവസം വെട്ടിക്കുറട്ട സാഹചര്യത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലായാലും മത്സര സാഹചര്യങ്ങളെക്കുറിച്ച് തങ്ങള്‍ കുറ്റം പറയാറില്ലെന്ന് ശാസ്ത്രി പറഞ്ഞു. പരിശീലന മത്സരത്തിന് മുമ്പ് സസെക്സിലെ ഗ്രൗണ്ട്സ്മാന്‍ പിച്ചിലെ പുല്ല് നീക്കം ചെയ്യണോ എന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ചെയ്തോളു, ഞങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട എന്നായിരുന്നു എന്റെ മറുപടി. നിങ്ങള്‍ എന്തു സാഹചര്യമാണോ ഒരുക്കുന്നത് ആ സാഹചര്യത്തില്‍ ഞങ്ങള്‍ കളിക്കും. പക്ഷെ ഞങ്ങളുടെ രാജ്യത്തെത്തിയാലും അതുപോലെയായിരിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു.

ആദ്യ ടെസ്റ്റ് നടക്കുന്ന എഡ്ജ്ബാസ്റ്റണിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം ലഭിക്കുന്നതിനായാണ് ചതുര്‍ദിന പരിശീലന മത്സരം ഒരു ദിവസം വെട്ടിക്കുറച്ചതെന്നും ശാസ്ത്രി വ്യക്തമാക്കി. ത്രിദിനത്തിന് പകരം ചതുര്‍ദിനം കളിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും കിട്ടാന്‍ പോകുന്നില്ലെന്നും ശാസ്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.