ജൊഹന്നസ്ബര്‍ഗ്: ഇന്ത്യയുടെ ടെസ്റ്റ് ടീം സെലക്ഷന്‍ അതിശയിപ്പിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. അവസാന 34 ടെസ്റ്റില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത് എന്ന് മനസിലാക്കുന്നു. ഇത്ര വലിയ അഴിച്ചുപണിക്ക് പിന്നിലെ തന്ത്രം തനിക്ക് പിടികിട്ടുന്നില്ലെന്ന് ഡുപ്ലസി പറഞ്ഞു. 

എങ്ങനെയാണ് ഓരോ മത്സരത്തിലും ടീം ഘടനയില്‍ മാറ്റം വരുത്താന്‍ ടീമിന് കഴിയുന്നതെന്ന് മനസിലാകുന്നില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ക്കാന്‍ കഴിയുന്നതാണ് സന്ദര്‍ശകരില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ വ്യത്യസ്തമാക്കുന്നത്. കേപ്‌ടൗണില്‍ ഡിവില്ലേഴ്‌സ്-ഡ്യൂപ്ലസി സഖ്യം നിര്‍ണായകമായ 114 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യക്ക് വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാണുണ്ടായത്. 

സെഞ്ചൂറിയനില്‍ കോലി 153 റണ്‍സും കേപ്‌ടൗണില്‍ ഹര്‍ദിക് പാണ്ഡ്യ 93 റണ്‍സുമടിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. അതേസമയം പരമ്പര സ്വന്തമാക്കിയങ്കിലും മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി തിരിച്ചെത്തുമെന്ന് പ്രോട്ടീസ് നായകന്‍ പറയുന്നു. 3-0ന് പരമ്പര നഷ്ടപ്പെടുന്നത് ഒരിക്കലും ഇന്ത്യ പോലെ അഭിമാനികളായ ടീം ആഗ്രഹിക്കില്ല. അതിനാല്‍ ജൊഹന്നസ്ബര്‍ഗില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായും ഡുപ്ലസി വ്യക്തമാക്കി.