ദില്ലി: സുരേഷ് റെയ്നയ്ക്കെതിരെ വന്‍വിമര്‍ശനവുമായി രഞ്ജി ട്രോഫിയിലെ യുപി കോച്ച് റിസ്വാൻ ശംഷാദ് . വിവാഹ ശേഷം റെയ്നയുടെ, ക്രിക്കറ്റിനോടുള്ള സമീപനത്തിൽ മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹത്തിനിപ്പോൾ, ക്രിക്കറ്റ് വേണ്ട കുടുംബം മാത്രം മതി എന്ന അവസ്ഥയിലായി എന്നും റിസ്വാൻ പറഞ്ഞു.സുരേഷ് റെയ്നയെ ബിസിസിഐയുടെ കരാറിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് യു.പി കോച്ചിന്‍റെ വെളിപ്പെടുത്തല്‍.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം നേടാൻ യുവതാരങ്ങൾ അക്ഷീണ പരിശ്രമം നടത്തുന്ന സമയത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്താനാണ് നിലവിലെ താരങ്ങൾ ശ്രമിക്കേണ്ടതെന്നു പറഞ്ഞ അദ്ദേഹം ഈ സീസണിൽ മൂന്ന് രഞ്ജി മത്സരം മാത്രമാണ് കളിച്ചതെന്നും കുറ്റപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാൻ റെയ്ന താത്പര്യം പ്രകടിപ്പിച്ചില്ലെന്നും റിസ്വാൻ കൂട്ടിച്ചേർത്തു.
ഇത്തവണ ബിസിസിഐ കരാറിൽ നിരവധി യുവാക്കൾ ഇടംപിടിക്കുകയും ഗ്രേഡ് വർധിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റിക്കാർഡുകളുളള ബാറ്റ്സ്മാനാണ് ഇടംകൈയ്യനായ റെയ്ന. ഏകദിനത്തിൽ 223 മത്സരങ്ങളിൽ നിന്ന് 36 റൺസ് ശരാശരിയിൽ 5,568 റൺസ് നേടിയിട്ടുണ്ട് അദ്ദേഹം.
