സൗരവ് ഗാംഗുലി- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്‍. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റന്‍. കൊല്‍ക്കത്തയുടെ രാജകുമാരന്‍, ബംഗാള്‍ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇവിടെയിതാ, ഗാംഗുലിയുടെ വിഖ്യാതമായ കാഴ്‌ചപ്പാടുകളും, ഗാംഗുലിയെക്കുറിച്ച് പ്രമുഖ കളിക്കാരുടെ കാഴ്‌ചപ്പാടുകളുമാണ് പങ്കുവെയ്‌ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച്...

'അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇരുപതിനായിരത്തോളം റണ്‍സ് എടുത്തു എന്നതിനേക്കാള്‍, ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കി മുന്നോട്ടുനയിക്കാനായി എന്ന കാര്യമായിരിക്കും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുക'.

ആത്മകഥയെക്കുറിച്ച്...

'ഞാനൊരു ആത്മകഥ എഴുതുമ്പോള്‍, വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാകും. പല വെളിപ്പെടുത്തലുകളും അതില്‍ ഉണ്ടാകും. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍'.

സച്ചിനെക്കുറിച്ച്...

കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ടെസ്റ്റ് മല്‍സരം നടക്കുന്ന സമയത്ത്, താങ്കളേക്കാള്‍ കൊല്‍ക്കത്തയില്‍ പോപ്പുലര്‍ സച്ചിനാണല്ലോ എന്ന ചോദ്യത്തിന് ഗാംഗുലി നല്‍കിയ മറുപടി- 'ആയിരിക്കാം, പക്ഷെ കളി നടക്കുന്ന അഞ്ചുദിവസത്തേക്ക് മാത്രമായിരിക്കും'.

ലോര്‍ഡ്സ് സംഭവത്തെക്കുറിച്ച്...

'പലരും ജീവിതത്തില്‍ പല തെറ്റുകള്‍ ചെയ്യുമ്പോള്‍, ഞാന്‍ വരുത്തിയ ഒരു തെറ്റ്'

ഗാംഗുലിയെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്...

'ഓഫ് സൈഡില്‍ ഗാംഗുലി കഴിഞ്ഞേ ദൈവത്തിന് പോലും സ്ഥാനമുള്ളു'

ഗാംഗുലിയെക്കുറിച്ച് യുവരാജ് പറഞ്ഞത്...

'ദാദയെപ്പോലെയുള്ള ഒരു ക്യാപ്റ്റനുവേണ്ടി മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്'

സെവാഗ് പറഞ്ഞത്...

'സ്വന്തം ഓപ്പണര്‍ സ്ഥാനം എനിക്കുവേണ്ടി ഒഴിഞ്ഞുതന്നയാളാണ് ദാദ. എന്നെ ഏറ്റവുമധികം സ്‌നേഹിക്കുകയും, എന്നില്‍ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്‌ത മനുഷ്യന്‍. എന്നിലെ ടെസ്റ്റ് കളിക്കാരനെ കണ്ടെത്തിയും ദാദയാണ്'

ഹര്‍ഭജന്‍ സിങിന് പറയാനുള്ളത്...

'വിദേശത്ത് എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ചുതന്നത് ദാദയാണ്'

സ്റ്റീവ് വോ പറഞ്ഞത്...

'ഗാംഗുലിയെ ഇഷ്‌ടപ്പെടുകയോ, ഇഷ്‌ടപ്പെടാതിരിക്കുകയോ ആകാം. പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാനാകില്ല'