ദില്ലി: ഡൽഹിയുടെ തട്ടകത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ ഗ്രൗണ്ട് സപ്പോർട്ടിനെക്കുറിച്ചായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് സ്റ്റേഡിയത്തിൽ മഞ്ഞപ്പട ആർത്തിരമ്പി.ആവേശത്തിന്റെ കൊടുമുടിയിൽ നിന്ന് എടുത്തെറിഞ്ഞ നിരാശയോടെയാണ് ഡെൽഹി ഡൈനാമോസ് ആരോധകർ സ്റ്റേഡിയം വിട്ടത്.

മലപ്പുറംകാരായ ഷഫീറും, ഷാനുവും,സമീറും , ആഗ്രയിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥികളായ രതീഷും, ഷിജുവും,സനോജും എന്നിരെല്ലാം മഞ്ഞപ്പടയുടെ വിജയം കാണാൻ മാത്രം ദില്ലിയിലെത്തിയവരാണ്. ആരെയും നിരാശരാക്കാതെ സ്വന്തം കൊമ്പൻമാർ ഡൽഹിയെ മുട്ടു കുത്തിച്ചപ്പോൾ ആവേശം അണപൊട്ടി.

സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ഡൽഹി ആരധകർക്ക് ഇടയിൽ ആദ്യം പതറിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ താളത്തിനൊപ്പം കുതിച്ചും താണും മഞ്ഞപ്പട ആവേശമായി. കളിയുടെ നിയന്ത്രണം കൈപിടിൽ കിട്ടിയിട്ടും നിർഭാഗ്യം നിഴൽ വീഴ്ത്തിയ രാത്രിയെ ശപിച്ചാണ് ഡൽഹി ആരാധകർ സ്റ്റേഡിയം വിട്ടത്.ഇനി മഞ്ഞപ്പടയുടെ കണ്ണും കാതും കൊച്ചിയിലേക്ക്.