ഡിജിറ്റല്‍ ഗെയിമിങ് രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'സച്ചിന്‍ സാഗ' എന്ന പേരിലാണ് ഒഫീഷ്യല്‍ ഗെയിം തയ്യാറാക്കുന്നത്. ഗെയിമിലൂടെ ഇതിഹാസതാരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട 100 മത്സരങ്ങളില്‍ സച്ചിനായി തന്നെ കളിക്കാം. ഗെയിമിന്റെ ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് പതിപ്പുകളാണ് പുറത്തിറക്കുക. ജെറ്റ് സിന്തസിസിന്റെ ഗെയിം ശാഖയായ പ്ലേഇസണ്‍ ആണ് സച്ചിന്‍ സാഗ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സച്ചിന്‍ സാഗയില്‍ കളിക്കുന്നയാള്‍ക്ക് സച്ചിന്റെ ക്രിക്കറ്റ് യാത്ര അനുഭവിക്കാനാകും. അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട 100 മാച്ചുകള്‍ കളിക്കാനും കഴിയും. സച്ചിന്‍ എന്ന നിലയില്‍ കളിക്കുന്നയാള്‍ക്ക് ടീമിനെ തെരഞ്ഞെടുത്ത് കൂട്ടുകാര്‍ക്കെതിരെ മത്സരിച്ച് ലോകകപ്പ് വിജയിക്കാം. അടുത്ത അഞ്ചോ ആറോ മാസത്തിനിടെ ഗെയിമിന്റെ അന്തിമ പതിപ്പ് വിപണിയില്‍ എത്തും.

തന്റെ ആദ്യ ഡിജിറ്റല്‍ ഗെയിം നിര്‍മ്മിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞതായി പ്ലേ ഇസണ്‍ കമ്പനി വക്താവ് അറിയിച്ചു. വിവിധ മേഖലകളില്‍ കൈവെച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ആഘോഷിക്കാന്‍ കഴിയുന്ന ഈ ഗെയിം വ്യത്യസ്‌തതയുള്ളതായിരിക്കുമെന്നും സച്ചിന്‍ പറയുന്നു.

വര്‍ഷങ്ങളോളം ക്രിക്കറ്റ് മൈതാനങ്ങളെ വിസ്‌മയിപ്പിച്ച സച്ചിന്റെ പേരിലുള്ള ഗെയിമിനായി കാത്തിരിക്കുകയാണ് ആരാധകര്‍.