മാഡ്രിഡ്: എതിര്‍ ടീം കളിക്കാരന്റെ ഇടിയേറ്റ് ഗ്രൗണ്ടില്‍ തലയടിച്ച് വീണ അത്‌ലറ്റിക്കോ മഡ്രിഡ് താരം ഫെർണാണ്ടോ ടോറസിന്റെ ജീവന്‍ രക്ഷിച്ചത് സഹതാരങ്ങളുടെ നിര്‍ണായക ഇടപെടല്‍. സ്പാനിഷ് ലീഗിൽ ഡിപോർട്ടിവോ ലാ കൊരുണയുമായുള്ള മൽ‌സരത്തിനിടെയാണു അത്‌ലറ്റിക്കോ സ്ട്രൈക്കറായ ടോറസ് ഡിപോർട്ടിവോ താരം അലക്സ് ബെർഗാന്റിനോസുമായി കൂട്ടികൂട്ടിയിടിച്ച് മുഖമടിച്ചു വീണത്. നിശ്ചലനായി കിടന്ന ടോറസിനരികിലേക്ക് പാഞ്ഞെത്തിയ സഹതാരങ്ങള്‍ ടോറസിന് ഗ്രൗണ്ടില്‍വെച്ചുതന്നെ കൃത്രിമ ശ്വാസോച്ഛാസം നല്‍കിയതുകൊണ്ടു മാത്രമാണ് ഫുട്ബോള്‍ ലോകത്തെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവായത്.

ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തിയ മെഡിക്കല്‍ സംഘം ടോറസിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോറസ് ഗ്രൗണ്ടില്‍ വീണതോടെ എന്തു ചെയ്യണമെന്നറിയാതെ കളിക്കാര്‍ പകച്ചുനിന്നു. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തിയും ഭയവും കാണാമായിരുന്നു. ചിലര്‍ പൊട്ടിക്കരഞ്ഞു. അത്‌ലറ്റിക്കോ കോച്ച് ഡീഗോ സിമിയോണി രോഷാകുലനായി ഫോര്‍ത്ത് ഒഫീഷ്യലിനടുത്തേക്ക് പാഞ്ഞടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

സ്കാനിംഗിന് വിധേയമാക്കിയ ടോറസ് ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരികയാണ്. ആശുപത്രിയില്‍ നിന്ന് ട്വീറ്റ് ചെയ്ത ടോറസ് സഹായത്തിനായി ഓടിയെത്തിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഉടന്‍ കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്നും ടോറസ് ട്വീറ്റ് ചെയ്തു. ബെർഗാന്റിനോസും ഡിപോർട്ടിവോ കോച്ച് പെപ്പെ മെലും ആശുപത്രിയിലെത്തി ടോറസിനെ കണ്ടിരുന്നു. ഡോക്ടർമാർ 48 മണിക്കൂർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോ– ഡിപോർട്ടിവോ മൽസരം 1–1 നു സമനിലയിൽ അവസാനിച്ചു.

Scroll to load tweet…