കോഴിക്കോട് നൈനാൻവളപ്പുകാരുടെ ഫുട്ബോള്‍ ആവേശത്തിന് ഫിഫയുടെ സമ്മാനം. ലോകകപ്പ് ഫുട്ബോള്‍ ട്രോഫിയുടെ മാതൃകയും ടീഷര്‍ട്ടും അടക്കമുള്ള കിറ്റാണ് ഫിഫ സമ്മാനമായി അയച്ച് നല്‍കിയത്

കോഴിക്കോട് നൈനാന്‍വളപ്പുകാര്‍ക്ക് ഫുട്ബോള്‍ കളിയോടുള്ള സ്നേഹവും ആവേശവും പ്രസിദ്ധമാണ്. ഈ ഫുട്ബോള്‍ പ്രേമം അറിഞ്ഞ ഫിഫ നേരിട്ട് സമ്മാനം അയച്ചിരിക്കുകയാണിപ്പോള്‍. ഫിഫ ഫെയര്‍ പ്ലേ ടീ ഷര്‍ട്ട്, ലോകകപ്പ് ട്രോഫിയുടെ കുഞ്ഞന്‍ മാതൃക, ബാഡ്ജുകള്‍, പെന്‍റന്‍റ്, പേനകള്‍, സ്റ്റിക്കറുകള്‍ എന്നിവയെല്ലാം അടങ്ങിയ കിറ്റാണ് സമ്മാനമായി ലഭിച്ചത്. 2014 ലോകകപ്പിന്‍റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ പുസ്തകവും ഇതൊടൊപ്പമുണ്ട്. നൈനാംവളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.വി സുബൈറിനാണ് ഫിഫ പാഴ്സല്‍ അയച്ചത്.

1989ല്‍ സുബൈര്‍ ഫിഫ ആസ്ഥാനത്തേക്ക് അയച്ച ഒരു കത്തിലൂടെയാണ് നൈനാന്‍വളപ്പുകാരുടെ ഫുട്ബോള്‍ കമ്പം ഫിഫ അറിയുന്നത്. അന്ന് മറുപടിക്കൊപ്പം ഫുട്ബോള്‍ ചരിത്രം പറയുന്ന പുസ്തകവും സുബൈറിനെ തേടിയെത്തിരുന്നു. ഇതിന് മുമ്പ് 2010ലും ഇത്തരത്തില്‍ ഫിഫയുടെ സമ്മാനം നൈനാംവളപ്പിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഫിഫ അയച്ചു നല്‍കിയിരുന്നു.