ടീമുകളുടെ മുന്നൊരുക്കത്തിനായി ഫിഫ 13 കോടിയിലേറെ രൂപയാണ് നല്‍കുക.

സൂറിച്ച്: ലോകകപ്പിന് ഒരുങ്ങുന്ന ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഫിഫയുടെ സഹായം. ടീമുകളുടെ മുന്നൊരുക്കത്തിനായി ഫിഫ 13 കോടിയിലേറെ രൂപയാണ് നല്‍കുക. സാമ്പത്തിക പ്രയാസത്തില്‍ ഞെരുങ്ങുന്ന ആഫ്രിക്കന്‍ ടീമുകളുടെ ലോകകപ്പ് മുന്നൊരുക്കത്തില്‍ കുറവുകളൊന്നും വരാതിരിക്കാനാണ് ഫിഫയുടെ കൈയയച്ച സഹായം. 

ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകള്‍ക്കും പത്ത് കോടിരൂപ വീതമാണ് സമ്മാനത്തുകയായി ഫിഫ നല്‍കുക. ലോകകപ്പിന് ശേഷമാണ് ഇത് നല്‍കാറുള്ളത്. എന്നാല്‍ ആഫ്രിക്കന്‍ ടീമുകളുടെ പ്രകടനം നിറം മങ്ങാതിരിക്കാന്‍ സമ്മാനത്തുകയുടെ ഒരുഭാഗം തയ്യാറെടുപ്പുകള്‍ക്കായി നേരത്തേ നല്‍കാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

ആഫ്രിക്കയില്‍ നിന്ന് റഷ്യയിലേക്ക് യോഗ്യത നേടിയ അഞ്ച് ടീമുകള്‍ക്കായി 13കോടി 34 ലക്ഷം രൂപയാണ് ഫിഫ മുന്‍കൂറായി നല്‍കുക. ഈജിപ്റ്റ്, മൊറോക്കോ, നൈജീരിയ, സെനഗല്‍, ടുണീഷ്യ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ ആഫ്രിക്കന്‍ ടീമുകള്‍. നിലവില്‍ മിക്കആഫ്രിന്‍ ടീമുകളിലും പ്രതിഫല തര്‍ക്കം നിലനിര്‍ക്കുന്നുണ്ട്. ഇതുവരെ കളിച്ചതിനുള്ള പ്രതിഫലം കിട്ടാത്തതാണ് പ്രധാന കാരണം. 

ഫിഫ സമ്മാനത്തുക നേരത്തേ നല്‍കുന്നതിലൂടെ ഇത്തരം തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് അഹമ്മദ് പറഞ്ഞു.