മുംബൈ: ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരം എം.എസ് ധോണിയുടെ സ്ഥാനത്തെ ചൊല്ലി വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്. സമീപകാലത്ത് റണ്‍സ് കണ്ടെത്തുന്നതില്‍ അത്ര മികവ് ധോണി പുലര്‍ത്തുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി ടി20യില്‍ നിന്നെങ്കിലും മാറിനില്ക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ സമ്മര്‍ദ്ധഘട്ടത്തില്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. 

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. ടീമിലെ ശക്തമായ സാന്നിധ്യമാണ് ഇപ്പോളും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ധോണി. ടീമിലെ യുവ സ്‌പിന്‍ ജോഡിയായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും അദേഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ചെറുതല്ല. വിക്കറ്റിന് പിന്നില്‍ ഇരുവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോണിയാണെന്ന് മോറെ പറയുന്നു. ധോണിയുടെ സാന്നിധ്യം നായകന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ധം കുറയ്ക്കുന്നുവെന്നും മോറെ പറഞ്ഞു.

നായകന്‍ വിരാട് കോലി നായകനായിരിക്കുമ്പോള്‍ തന്നെ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാന്‍ ധോണിക്കാകുന്നുണ്ട്. അതിനാല്‍ കോലിക്ക് തന്‍റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നു. ഇന്ത്യന്‍ ടീമിന്‍റെ പൂര്‍ണത ധോണിയുടെ സാന്നിധ്യമാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ നേടിയ 42 റണ്‍സാണ് അടുത്തകാലത്ത് ധോണിയുടെ മികച്ച പ്രകടനം.