Asianet News MalayalamAsianet News Malayalam

ഒരോവറില്‍ ഇഷാന്ത് എറിഞ്ഞ ആറു പന്തും നോ ബോള്‍; എന്നിട്ടും അമ്പയര്‍ അത് കണ്ടില്ല

അഡ്‌ലെയ്ഡിലെ ഇഷാന്തിന്റെ പന്തുകള്‍ വിശദമായി പരിശോധിച്ച ഫോക്സ് സ്പോര്‍ട്സ് പറയുന്നത് അഡ്‌ലെയ്ഡില്‍ ഇഷാന്ത് എറിഞ്ഞ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോളായിരുന്നുവെന്നാണ്. എന്നാല്‍ ഇതിലൊന്ന് പോലും ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചില്ല.

Fox Sports claims Ishant Sharma bowled six no balls in an over in Adelaide Test
Author
Perth WA, First Published Dec 14, 2018, 9:12 PM IST

പെര്‍ത്ത്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നോ ബോളുകള്‍ എറിഞ്ഞതിന് ഏറെ പഴികേട്ട ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മക്കെതിരെ കൂടുതല്‍ തെളിവുകളുമായി മത്സരത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ ഫോക്സ് സ്പോര്‍ട്സ്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ മാത്രം ഇഷാന്ത് 16 നോബോളുകള്‍ എറി‌ഞ്ഞെന്ന് ഓസീസ് മാധ്യമമായ ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഫോക്സ് സ്പോര്‍ട്സും സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇഷാന്ത് എറിഞ്ഞ പന്തുകളില്‍ അഞ്ചെണ്ണം മാത്രമാണ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിച്ചത്.  

ഇതിനുപിന്നാലെ അഡ്‌ലെയ്ഡിലെ ഇഷാന്തിന്റെ പന്തുകള്‍ വിശദമായി പരിശോധിച്ച ഫോക്സ് സ്പോര്‍ട്സ് പറയുന്നത് അഡ്‌ലെയ്ഡില്‍ ഇഷാന്ത് എറിഞ്ഞ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോളായിരുന്നുവെന്നാണ്. എന്നാല്‍ ഇതിലൊന്ന് പോലും ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചില്ല. രണ്ട് വ്യത്യസ്ത ഓവറുകളില്‍ ഇഷാന്ത് ഇതുപോലെ നോ ബോളെറിഞ്ഞുവെന്നാണ് ഫോക്സ് സ്പോര്‍ട്സ് കണ്ടെത്തിയത്.

നോ ബോളുകള്‍ എറിയുന്നത് ഇഷാന്തിന്റെ പതിവാണെന്ന് മുന്‍ ഓസീസ് പേസര്‍ ഡാമിയന്‍ ഫ്ലെമിംഗ് കുറ്റപ്പെടുത്തി. ഇതൊന്നും നോക്കാതെ തികച്ചും അലസരായി നില്‍ക്കുന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓസ്ട്രേലിയക്ക് ലഭിക്കേണ്ട എത്ര റണ്ണുകളാണ് പാഴാക്കി കളഞ്ഞതെന്നും ഫ്ലെമിംഗ് ചോദിച്ചു.

ഇഷാന്ത് ഒരോവറില്‍ നാലു നോ ബോളുകള്‍ എറിഞ്ഞിട്ടും അമ്പയര്‍മാര്‍ ഒന്നുപോലും വിളിച്ചില്ലെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗും ആദ്യ ടെസ്റ്റിന്രെ കമന്ററിക്കിടെ കുറ്റപ്പെടുത്തിയിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് നോ  ബോളുകള്‍ എറിയുന്ന ശീലം മാറ്റാന്‍ ഇഷാന്ത് നെറ്റ്സില്‍ കഠിന പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. എന്നിട്ടും രണ്ടാം ടെസ്റ്റിലും ഇഷാന്ത് ഒരു നോ ബോളെറിഞ്ഞു എന്നതാണ് രസകരം.

Follow Us:
Download App:
  • android
  • ios